Monday, January 14, 2008

മരുഭൂമിയിലെ സ്ത്രീ.

5 വര്‍ഷങ്ങള്‍ക്കു മുന്‍പാണു സംഭവം. ഞങ്ങളുടെ കമ്പനിക്കു കിട്ടിയ ഒരു പുതിയ പ്രൊജക്ട് ദമ്മാമില്‍ നിന്നു കുറച്ചു അകലെ “നാരിയ” എന്ന സ്ഥലത്തായിരുന്നു. അവിടെ നിന്നു 20km അകലെ മരുഭൂമിയില്‍ ആയിരുന്നു പുതിയ പ്ലാന്റ്. അതിന്‍റെ ലേബര്‍ ക്യാംബിന്‍റെ പുതിയ ബില്‍ഡിംഗിന്‍റെ പ്ലാന്‍ തയ്യാറാക്കന്‍ വേണ്ടി അളവെടുക്കാന്‍ ഞാനും എന്‍റെ ഒരു സുഹ്രുത്തും കൂടി പുറപ്പെട്ടു.
കടുത്ത ചൂടില്‍ 4x4 പിക്കപ്പില്‍ ആയിരുന്നു യാത്ര. ഞാന്‍ ആദ്ദ്യമായിട്ടാണു മരുഭൂമിയീലേക്കു യാത്ര ചെയ്യുന്നത്. സുഹ്രുത്തിനു വഴി അറിയാമായിരുന്നു. അവനാണു ഡ്രൈവു ചെയ്തിരുന്നതും. കുറെ ദൂരം ചെന്നപ്പോള്‍ വഴി മോശമാകാന്‍ തുടങ്ങി. പോരാഞ്ഞിട്ടു പൊടിക്കാറ്റും. റോഡ് ഏതാണു എന്നു തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. എവിടെയും മണല്‍ മാത്രം. കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോള്‍ വഴി കാണാന്‍ പറ്റാതായി. പെട്ടന്നു പിക്കപ്പിന്‍റെ ടയര്‍ മണലില്‍ പുതഞ്ഞു. വീണ്ടും ശ്രമിക്കും തോറും കൂടുതല്‍ പുതഞ്ഞു. അവസാനം ഞങ്ങള്‍ പുറത്തിറങ്ങി തള്ളാന്‍ തുടങ്ങി. ഒരു രക്ഷയുമില്ല. ചെറിയ കട്ടയും കല്ലും ഒക്കെ ഇട്ട് വീണ്ടും ശ്രമിച്ചു. അപ്പോഴും ടയര്‍ കൂടുതല്‍ പുതഞ്ഞെതെ ഉള്ളു. അപ്പോഴേക്കും 2 ടയര്‍ മുക്കാലും 2 ടയര്‍ ഭാഗീകമായും മണലില്‍ താണിരുന്നു. ചുറ്റും കണ്ണെത്താ ദൂരത്തോളം മരുഭൂമി മാത്രം. അരെങ്കിലും ആ വഴി വരുന്നോ എന്നു നോക്കി ഞങ്ങള്‍ ഇരുന്നു. ( അന്നു സൌദിയില്‍ മൊബൈല്‍ തുടങ്ങിയിട്ടില്ല)
നാലു മണിക്കൂറോളം കഴിഞ്ഞിട്ടും ആരെയും കണ്ടില്ല. ഇടയ്ക്കിടെ ചീറിയടിക്കുന്ന പൊടിക്കാറ്റ്. കരുതിയിരുന്ന വെള്ളവും തീര്‍ന്നു. എന്തു ചെയ്യണം എന്നു അറിയാതെ ഞങ്ങള്‍ വലഞ്ഞു. ഞാന്‍ ഒരു കരച്ചിലിന്‍റെ വക്കത്തായി. വിയര്‍ത്തു കുളിച്ചു തൊണ്ട വരണ്ട് മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍.


പെട്ടെന്നു ദൂരെ മരുഭൂമിയില്‍ കൂടി ഏതോ ഒരു വാഹനം പോകുന്ന പോലെ തോന്നി. ഞങ്ങള്‍ പിക്കപ്പിന്‍റെ മുകളില്‍ കയറി നോക്കി. ശരിയാണു. ഞങ്ങള്‍ കൈ വീശി കാണിച്ചു ഉച്ചത്തില്‍ വിളിച്ചു. കുറെ നേരം വീളിച്ചു കഴിഞ്ഞപ്പോള്‍ കണ്ടു എന്നു തോന്നുന്നു , ആ വാഹനം ഞങ്ങളുടെ നേരെ വരാന്‍ തുടങ്ങി. അതും ഒരു പിക്കപ്പ് അയിരുന്നു. അതു കുറച്ച് അകലെ നിര്‍ത്തി കറുത്ത “തോബ്” ധരിച്ച ഒരാള്‍ ഇറങ്ങി. തലയില്‍ കെട്ടും ഒക്കെ കണ്ടപ്പോള്‍ ഏതോ “ബദു” അയിരിക്കും എന്നു കരുതി. അടുത്ത് വന്നപ്പോളാണു മനസ്സിലായതു , അതു ഒരു സ്ത്രീ അയിരുന്നു.(സൌദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദം ഇല്ല.). പര്‍ദ്ദ ധരിക്കാത്ത സുന്ദരിയായ ഒരു സ്ത്രീ. ഞങ്ങളെയും പിക്കപ്പിനെയും മാറി മാറി നോക്കിയിട്ടു അവര്‍ പറഞ്ഞു “കുല്ലു ഹിന്ദി മുക്കു മാഫി” ( എല്ലാ ഇന്ത്യക്കാരും വിവരമില്ലാത്തവരാണു) . എന്നിട്ടു പിക്കപ്പിന്‍റെ ചുറ്റും ഒന്നു നോക്കിയിട്ട് അവര്‍ നാലു ടയറിന്‍റെയും കാറ്റ് കുറച്ച് അഴിച്ച് വിട്ടു. എന്നിട്ട് അവര്‍ ഡ്രൈവിങ് സീറ്റില്‍ കയറി ഇരുന്നു വണ്ടി എടുത്തു. സുഖമായിട്ടു പിക്കപ്പ് കയറി പോന്നു.

അത്ഭുതത്തോടെ ഞങ്ങള്‍ നില്‍ക്കെ, തിരിച്ച് പോകേണ്ട വഴിയും കാണിച്ച് തന്നിട്ട് ഒരു പ്രത്യേകതരം ചിരിയോടെ അവര്‍ പീക്കപ്പ് ഓടിച്ചു പോയി. സത്യമോ മിഥ്യയോ എന്നറിയാന്‍ വയ്യാതെ ജീവിതത്തിലേക്കു തിരിച്ചു വന്നതിന്‍റെ ആശ്വാസത്തില്‍ ഞങ്ങളും തിരിച്ചു പോന്നു.