Thursday, February 28, 2008

എങ്ങനെ വെറുക്കാന്‍ പഠിച്ചു...



എങ്ങനെ വെറുക്കാന്‍ പഠിച്ചു...
ധനുമാസരാവിനെ തറ്റുടുപ്പിച്ചൊരാ
തിരുവാതിരക്കാറ്റിനെ..
നാണിച്ചുറങ്ങുന്ന പുലരിയെ കുളിര്‍ നേദിച്ച്
ഉണര്‍ത്തിയൊരാ നീര്‍ച്ചാലിനെ..
പാലപൂ മണവുമായി കണ്‍നിറയെ
പെയ്തിറങ്ങിയൊരാ പൂനിലാവിനെ..
ആദ്യമഴയില്‍ നനഞ്ഞ മണ്ണിനെ
തഴുകിയുയരുന്നൊരാ പുതുഗന്ധത്തിനെ..

എങ്ങനെ വെറുക്കാന്‍ പഠിച്ചു...
കാച്ചെണ്ണ കിനിയുന്ന മുടിയിഴ പടരുന്ന
പുനെല്ല് മണക്കുന്നൊരാ കിതപ്പുകളെ.

എങ്ങനെ വെറുക്കാന്‍ പഠിച്ചു...
കരിഞ്ഞ കരള്‍ കൊത്തിപ്പറന്ന പൈങ്കിളിയെ..

എങ്ങനെ മറക്കാന്‍ പഠിച്ചു...
കിളി കരഞ്ഞു പറഞ്ഞ വ്യഥയെല്ലാം
മഴയാക്കി പെയ്യുന്ന ഓര്‍മ്മകളെ..




ദൈവമെ.. ഈ കളിയിലും എനിക്കു തോല്‍വി മാത്രം മതി...


Wednesday, February 13, 2008

അവന്‍ വരുന്നു.... നക്സലൈറ്റ്.


വിപണി ഗണിതത്തിന്‍റെ പുതുകുതിപ്പുകള്‍ക്ക് മീതെ
വായ്പാട്ടില്‍ ഉയരുന്ന പൊന്‍യശസ്സിനു മീതെ
അവന്‍ വരുന്നു...

ആര്‍ക്കോ വേണ്ടി കിതച്ചു പ്രാരാബ്ധം
തേവുന്ന അച്ഛനെ അറിയാതെ...
അരവയര്‍ അന്നത്തിനായി അയലിടങ്ങളില്‍
ഇരക്കുന്ന അമ്മയെ കാണാതെ..
അന്തിക്കിറങ്ങുവാന്‍ പകല് മുഴുവന്‍
ഉറങ്ങുന്ന പെങ്ങളെ ഉണര്‍ത്താതെ...
അകലെ തെരുവുകള്‍ തോറും പണി തേടി
അലയുന്ന അനിയനെ തിരയാതെ...

മൃതി തിളങ്ങുന്ന ദൃഷ്ടിയും
കൊടുംങ്കാറ്റ് പിടയുന്ന മനസുമായി
ചോര പൂക്കുന്ന വറുതി കളങ്ങളില്‍
‍വേച്ചു വേച്ചണയുന്ന ഇവനെ കൂടി ഏറ്റുവാങ്ങുക...



1970 കളില്‍ ഇന്ത്യയുടെ മൊത്തം ആസ്തിയുടെ 30% 600 കുടുംബങ്ങളില്‍ ആയിരുന്നെങ്കില്‍ ഇന്നു 60% വെറും 30 കുടുംബങ്ങളില്‍ ആയി . നേരത്തെ കൂറഞ്ഞ വേതനം 2000 രൂപയും കൂടിയതു 20000 ആയിരുന്നെങ്കില്‍ ഇന്നു കൂറഞ്ഞ വേതനം അതേ 2000 രൂ‍പ തന്നെ .. പക്ഷെ കൂടിയതു 2 ലക്ഷത്തിനു മുകളില്‍ ആയി. 9% സാമ്പത്തിക വളര്‍ച്ചയോടെ ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുയരുന്നു. എവിടെയൊ ഒരമ്മ സ്വന്തം കുഞ്ഞിനെ 150 രൂപക്കു വില്‍ക്കുന്നു.

നക്സലൈറ്റുകള്‍ ഉണ്ടാവുന്നത്......