Thursday, September 11, 2008

കവിത - നീ ഇല്ലാത്ത ഓണം... By ONV കുറുപ്പ് -കേള്‍ക്കൂ

നീ ഇല്ലാത്ത ഓണം... ONV കുറുപ്പിന്‍റെ സ്വന്തം ശബ്ദത്തില്‍.....കണ്ണീരോടെ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു...Get this widget | Track details | eSnips Social DNA

Wednesday, September 10, 2008

പ്രവാസിയുടെ ഓണം ....ഓണത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍....

ഉള്ളില്‍ ഗൃഹാതുരത്വമുണര്‍ത്തി വീണ്ടും ഒരു ഓണം കൂടി...ഓണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ കഴിഞ്ഞുപോയ ഓണങ്ങളുടെ ഒരായിരം നിറമുള്ള ഓര്‍മ്മകള്‍..

വെള്ളമൊഴുകി വരുന്ന കല്‍പ്പടവുകള്‍ ചവിട്ടികയറി ‘ഓല’ പള്ളിക്കൂടത്തില്‍ പോയ കാലത്ത് ഓണം എനിക്ക് ഒരു കാഴ്ച മാത്രം. ഉരുകുന്ന ടാറില്‍ ചവിട്ടി ഒട്ടുന്ന കാലുമായി സ്ക്കൂളിലേക്ക് പോയ കാലത്ത് ഓണം ഒരു മോചനമായിരുന്നു.. പരീക്ഷകളില്‍ നിന്നും. പിന്നെ ബസുകള്‍ പലത് മാറിക്കയറി കോളേജില്‍ പോയ കാലത്ത് ഓണം ശരിക്കും ഒരു ഉത്സവമായി മാറി. വര്‍ണ്ണങ്ങളും സ്വപ്നങ്ങളും കൂടി കലര്‍ന്ന , ശരിക്കും നാട്ടിന്‍ പുറത്തെ ഉത്സവം. ഞാനും, എന്‍റെ കൂട്ടുക്കാരും നാട്ടുക്കാരും മാത്രമറിയുന്ന എണ്ണം പറഞ്ഞ സന്തോഷത്തിന്‍റെ ദിനങ്ങള്‍..

പിന്നെ ജോലി തേടിയുള്ള ദീര്‍ഘയാത്രയില്‍ ഓണം വന്യമായ ഗൃഹാതുരതയോടെ നാട്ടിലേക്ക് പോകാനുള്ള അവസരമായിരുന്നു. കാച്ചെണ്ണയുടെയും മുല്ലപൂവിന്‍റെയും ഗന്ധത്തിലേക്ക് മടങ്ങാനുള്ള അവേശമായിരുന്നു.

അപ്പോഴേക്കും ഓണം ചാനലുകളിലേക്കും കാസറ്റുകളിലേക്കും മാറാന്‍ തുടങ്ങിയിരുന്നു... എന്‍റെ നാട്ടിന്‍പുറം നഗരമായും. പക്ഷെ അപ്പോഴെല്ലാം മനസ്സില്‍ പൂപൊലി പാട്ടിന്‍റെയും തുമ്പിതുള്ളലിന്‍റെയും താളമുണ്ടായിരുന്നു... ഓണത്തിനായി കാത്തിരിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു.

പക്ഷെ പിന്നെ, വേരു പറിച്ചെറിഞ്ഞ്, കടല്‍ കടന്ന്, പ്രവാസം തുടങ്ങിയപ്പോള്‍ ഓണത്തിനായി കാത്തിരിക്കാത്ത , ഓണത്തെ അറിയാത്ത നാളുകള്‍. ഈ മരുഭൂമിയുടെ ഊഷരതയുടെ നെടുവീര്‍പ്പിനുള്ളില്‍ പ്രവാസിയുടെ ഓണം ഞെരിഞ്ഞമരുന്നു. ഉര്‍വരതയുടെ നാളുകളെ സ്വപ്നം കണ്ട് കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ ഓണം ‘ആഘോഷിക്കുന്നു’....

അങ്ങനെ കാത്തിരിക്കാതെ ഒരു ഓണം കൂടി...