Monday, December 31, 2007

2007 - ഒരു കുബസാരം.




കൈനീട്ടിപിടിക്കവെ വഴുതിയ

സ്വപ്നത്തിന്‍റെ അവശിഷ്ട മൃതചിന്തകള്‍..

കരളില്‍ പൂത്ത ചുവപ്പു പൂക്കളെ

മൂന്നു വട്ടം തള്ളി പറഞ്ഞതും

ഇന്നലെ പൂത്തോരു കടലാസുപൂവിനെ

പ്രണയിച്ചതും, പിന്നെ കരഞ്ഞതും

സ്വന്തം നിഴലിനെ പോലും ചതിച്ചതും

ഒറ്റുകാശിന് വീഞ്ഞും വേദപുസ്തകവും വാങ്ങിച്ചതും

വീഞ്ഞിന്‍റെ ലഹരിയില്‍ ഓണനിലാവു കാണാന്‍ മറന്നതും

തിരുവാതിര വന്നതറിയാഞ്ഞതും

കടലിന്‍റെ അക്കരെ കാത്തിരുന്ന കിളിയുടെ

മുറിവില്‍ കനല്‍വെള്ളം ഇറ്റിച്ചതും

പിച്ചവച്ചണയുന്ന പാല്‍നിലാവ് തട്ടിമറിച്ചതും

പുതു സ്വര്‍ഗ്ഗം നേടാന്‍, ആയിരം കാശിനു

അഞ്ചിതള്‍ പൂക്കളെ തേടി അലഞ്ഞതും

നീല മഴയില്‍ നനഞ്ഞു കുതിര്‍ന്നതും

കണ്ണീര്‍ പണത്തിന്‍റെ പച്ചയില്‍ നിന്നെ മറന്നതും

കടപ്പാടിന്‍റെ പുസ്തകം തൂക്കിവിറ്റതും

തൂവെള്ള മഞ്ഞിന്‍റെ പൊയ്മുഖം അണിഞ്ഞതും

നിമിഷസുഖത്തിന്‍റെ ഉറവിനായി

ശാന്തിമന്ത്രം പണയം വച്ചതും അറിയുക..

അറിയുക , നീ ഈ പാപജന്മത്തിന്‍റെ

നേരുകള്‍ , ശിഷ്ടസ്വപ്നങ്ങളും.



ഒരു നെടുവീര്‍പ്പിനിടയില്‍ ഒരു വര്‍ഷം കൂടി പടിയിറങ്ങുന്നു..കറപുരണ്ട ഒരു പച്ചജീവിതത്തിന്‍റെ കുബസാരമാണിതു. ഒരു പാപനാശിനിയിലും മുങ്ങിനിവരാതെ വീണ്ടും ഇതുപോലെ തന്നെ യാത്ര തുടരുന്നു...





Wednesday, December 26, 2007

പ്രണയത്തെ കുറിച്ച് അഥവാ പൊന്‍ചെബകം പൂത്ത കാലം

ഓര്‍മ്മയുണ്ടൊ ആദ്യ പ്രണയത്തിലെ നായികയെ...പിന്നെ എപ്പൊഴെങ്കിലും “ഓര്‍മ്മയുണ്ടൊ എന്നെ”എന്നു നാണം കലങ്ങിയ കണ്ണുകളോടെ അരെങ്കിലും ചോദിച്ചിട്ടുണ്ടോ? പ്രണയത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ എവിടെയാണു പഠിച്ചത്? “പള്ളികൂടത്തില്‍” വെച്ചാണോ അതോ കലാലയത്തില്‍ വെച്ചാണോ ? അറിയില്ല. എപ്പൊഴൊ മനസ്സില്‍ പ്രണയം കുടിയേറി.


ആദ്യമായി പ്രണയിക്കണം എന്നു തോന്നിയ , എണ്ണ കിനിഞ്ഞിറങ്ങുന്ന മുഖവും കാതില്‍ ജിമുക്കിയുമായി നിന്ന ആ പെണ്‍ക്കുട്ടിയെ പിന്നെ കണ്ടിട്ടില്ല. ആദ്യം എഴുതിയ ഒരു വരി പ്രേമലേഖനം വായിച്ച് കരഞു ഓടി മറഞ്ഞ പെണ്‍ക്കുട്ടിയെയും പിന്നെ ഇതു വരെ കണ്ടിട്ടില്ല. ആദ്യമായി പ്രേമിക്കുന്നു എന്നു എന്നോടു പറഞ പെണ്‍ക്കുട്ടിയെയും പിന്നെ കണ്ടിട്ടില്ല. ആദ്യമായി കൈവിരല്‍ സ്പര്‍ശിച്ച പെണ്‍ക്കുട്ടിയെയും പിന്നെ കണ്ടിട്ടില്ല. ആദ്യമായി ഞാന്‍ കരയിച്ച പെണ്‍ക്കുട്ടിയെയും പിന്നെ കണ്ടിട്ടില്ല.

മിന്നി മറയുന്ന ഒരു വര്‍ണ്ണകാഴ്ചയായിരുന്നു പ്രണയം എന്നു തോന്നുന്നു.("മറവിയില്‍ മാഞ്ഞു പോകുന്ന നിന്‍ കുങ്കുമ തരി പുരണ്ട ചിദംബരസന്ധ്യകള്‍..")


പിന്നെ ഇപ്പൊള്‍ എപ്പൊഴും കണ്ടു കൊണ്ട് ഇരിക്കുന്ന പെണ്‍ക്കുട്ടിയെ പ്രണയിക്കുന്നു...(ഭാര്യയെ )...ഓര്‍മ്മയുള്ളിടത്തോളം കാലം..

Tuesday, December 18, 2007

മുണ്ട് പോയപ്പോള്‍...

പത്താംക്ലാസ്സിലെ ഒരു കലോത്സവ കാലം. ഇടക്ക് വീണുകീട്ടിയ ഒരു ഇടവേളയില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഞങ്ങള്‍ പുറത്തു ചാടി.ഞങ്ങള്‍ എന്നു പറഞാല്‍ ഞാനും അനിലും വേറെ രണ്ടു സുഹ്രുത്തുകളും. ഉദ്ദേശ്യം ആരുടെയും കണ്ണില്‍ പെടാതേ പോയി ഒരു സിനിമ കാണുകയായിരുന്നു.
തിയേറ്ററിന്റെ മുന്നില്‍ ബസ്സിറങ്ങിയപ്പൊള്‍ തന്നെ പടം തുടങ്ങാനുള്ള ബെല്‍ അടിക്കുന്നതു കേട്ടു. റോഡ് മുറിച്ചു കടന്നു വേണം തിയേറ്ററില്‍ എത്താന്‍.നിര്‍ഭാഗ്യവശാല്‍ റോഡില്‍ കൂടി ഒരു ജാഥ കടന്നു പോകുണ്ടായിരുന്നു. മണ്ഡല്‍ കമ്മിഷനെ അനുകൂലിച്ച് ആയിരുന്നു എന്നു തോന്നുന്നു ആ നീണ്ട ജാഥ.ജാഥ മുറിച്ചു കടക്കാതെ തിയേറ്ററില്‍ എത്താന്‍ പറ്റില്ല. ജാഥ തീര്‍ന്നിട്ട് അപ്പുറം കടക്കാം എന്നു വച്ചാല്‍ പടം കഴിയും. അവസാനം ജാഥ മുറിച്ചു കടക്കാന്‍ തീരുമാനിച്ചു. അനില്‍ മുന്നോട്ടു വന്നു, അവന്‍ ജാഥ മുറിച്ചു കടന്നു അപ്പുറത്തു പോയി ടിക്കറ്റ് എടുക്കും. ഞങ്ങള്‍ പുറകെ എത്തിയാല്‍ മതി.
അതുപ്രകാരം അനില്‍ മുന്നോട്ടു നീങ്ങി. ജാഥ മുറിച്ച് കടന്നതും പുറകെ വന്ന ആള്‍ അനിലിനെ പിടിച്ചു. പക്ഷെ പിടി കിട്ടിയതു മുണ്ടില്‍. മുണ്ട് പറിഞു അയാളുടെ കയ്യില്‍. “ഈസ്റ്റ്മാന്‍ കളര്‍” അടിവസ്ത്രവുമായി അനില്‍ നടുറോഡില്‍..ജാഥയില്‍ പോകുന്നവരുടെയും(സ്ത്രീകള്‍ ഉള്‍പ്പെടെ) ജാഥ കാണുന്നവരുടെയും മുന്നില്‍ അനില്‍ നിന്നു.ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങള്‍ അന്ധാളിച്ചു നിന്നു. പെട്ടെന്നു അനില്‍ തറയില്‍ കുത്തിയിരുന്നു.ജാഥ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.ആരോ മുന്നോട്ടു പോയി അയാളുടെ കയ്യില്‍ നിന്നു മുണ്ട് വാങ്ങിച്ചു അനിലിനു ഇട്ടു കൊടുത്തു.ഞങ്ങള്‍ ഒന്നും മിണ്ടാതേ തിയേറ്ററില്‍ കയറി.

ഇപ്പോഴും ആ തിയേറ്ററിന്റെ മുന്നില്‍ കൂടി പോകുംബോള്‍ അനിലിന്റെ ആ നില്‍പ്പ് മനസ്സില്‍ തെളിയും..

Sunday, December 16, 2007

കണ്ണീരോടെ ഒരു മെയില്‍‍...


അനിലിനു ഇനി മെയില്‍ അയക്കില്ല എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു.തുടരെ തുടരെ ഉള്ള അവന്‍റെ മെയിലിനു മറുപടി കിട്ടാതായപ്പൊള്‍ അവനും കാര്യം മനസിലായി എന്നു തോന്നുന്നു , പിന്നെ വന്ന മെയില്‍ ഒക്കെ മാപ്പു പറച്ചില്‍ ആയിരുന്നു.കാര്യം ഒന്നുമുണ്ടായിട്ടല്ല, കഴിഞ്ഞ അവധികാലത്തു ഒരു സുഹ്രുത്ത് സംഗമത്തില്‍ വച്ചു എന്നെ നോവിക്കുന്ന എന്തോ അവന്‍ പറഞു. കുട്ടിക്കാലം മുതലെ ഒരുമിച്ചു കളിച്ചു വളര്‍ന്ന അവന്‍ അതു പറഞ്ഞപ്പോള്‍ വല്ലാതെ നൊന്തു. ലഹരിയിറങ്ങി കഴിഞും നാട്ടില്‍ നിന്നു വണ്ടി കയറി കഴിഞും ആ പിണക്കം കൂടിയതെ ഉള്ളു. പക്ഷെ പിന്നെ എന്തോ മനസ്സില്‍ ഒരു വിഷമം.അവനോടു പിണങ്ങേണ്ടിയിരുന്നില്ല എന്നു ഒരു തോന്നല്‍.ഒറ്റപ്പെടലിന്‍റെ ഈ തുരുത്തില്‍ ,ഈ മരുഭുമിയുടെ ഊഷരതയില്‍ അവന്‍റെ മെയില്‍ ഒരു അശ്വാസം തന്നെ ആയിരുന്നു.

അവസാനം തെല്ലു വ്യസനതോടെ കുറ്റബൊധം നിഴലിക്കുന്ന കുറെ വരികള്‍ ചേര്‍ത്തു മെയില്‍ അയച്ചു.

രണ്ടു ദിവസം കഴിഞ്ഞ് , ഉച്ചയൂണിന്‍റെ അലസ്യത്തില്‍ പത്രത്തിലെ പ്രാദേശിക വാര്‍ത്തകളിലൂടെ കണ്ണോടിക്കവെ, ഒരു ദുരന്ത വാര്‍ത്ത കണ്ണില്‍ പെട്ടു.ബൈക്കപകടം. വിശദാംശങ്ങള്‍ വായിക്കവെ ഒരു ഞെട്ടലോടെ മനസ്സില്‍ അനിലിന്‍റെ മുഖം തെളിഞ്ഞു. നാട്ടില്‍ വിളിച്ചു തിരക്കവെ അറിഞു, എല്ലാം കഴിഞ്ഞിരിക്കുന്നു. വിതുംബലോടെ ഒരു കാര്യം കൂടി മനസ്സിലായി ,ഞാന്‍ മെയില്‍ അയച്ച അന്നു തന്നെ അയിരുന്നു അപകടം..

ഇപ്പൊഴും മനസ്സില്‍ ഒരു ചോദ്യം ഉത്തരം കിട്ടാതെ അലയുന്നു... അവന്‍ എന്‍റെ മെയില്‍ വായിച്ചിരിക്കുമൊ...വായിച്ചു കാണണെ എന്നു അറിയാതെ മനസ്സു പ്രാര്‍തഥിച്ചു പോകുന്നു.



Friday, December 7, 2007

കള്ളന്‍

അച്ഛനെ പോലൊരു കള്ളനെന്നു എന്നെ ആദ്യം വിളിച്ചതെന്‍റെമ്മ.


ഓടുബോള്‍ ചാടുബോള്‍ ഒന്നാമന്‍ ആകുബോള്‍

കൂട്ടുകാര്‍ ചൊല്ലി നീ കള്ളന്‍..

കാതില് ചൊല്ലിയ കിന്നാരം കേട്ടിട്ടു

കാമിനിമാര്‍ ചൊല്ലി നീ കള്ളന്‍..

പിന്നെ

കല്യാണപ്പെണ്ണിന്‍റെ കയ്യും പിടിച്ച് നീ ദീപം വലം വച്ച നേരം

ഒത്തിരി ഇക്കിളി ഇട്ടതുമോര്‍ത്തു അവള്‍ കൊഞ്ചി പറഞു നീ കള്ളന്‍.


കടപ്പാട് : തിരുവല്ലകാരന്‍ പോളിന്.

Tuesday, December 4, 2007

വിരഹത്തിന്‍റെ കടല്‍

വിരഹത്തിന്‍റെ കടല്‍ നെഞ്ചിലേറ്റി

നിനവിന്‍റെ ഉറവിലേക്കു അലിയവെ
ഒരു നീറ്റലായി ഓര്‍മ്മ തിരിയുന്നു..

പറയാന്‍ ബാക്കി വച്ച വാക്കുകള്‍,

കാണാന്‍ ബാക്കി വച്ച കനവുകള്‍,

ഒരുമ്മിച്ചു തുഴഞു തളരേണ്ട കരിംങ്കടല്‍..

എല്ലാം ബാക്കിയാവുന്നു...

ഒറ്റപ്പെട്ടവരുടെ വനസ്ഥലികളില്‍

‍പിടയുന്ന കരച്ചില്‍ വിഴുങ്ങിയ

ഒരു കിളി മാത്രം ഉണര്‍ന്നിരിക്കുന്നു...

Saturday, December 1, 2007

ഒരു ഡിസംബര്‍ കൂടി...

ഒത്തിരി ഒത്തിരി കാര്യങ്ങള്‍ പറയാനുണ്ടു. സമയം വളരെ കുറവും....

മറയുന്ന ചിത്രങ്ങള്‍..തെളിയുന്ന വഴികള്‍..എങ്ങുമെത്താത്ത യാത്രകള്‍..ഹ്രുദയത്തില്‍ കിടന്നു പൊള്ളിയ ചിന്തകള്‍..ചൊല്ലിപഠിച്ച എഞുവടി പാഠങ്ങള്‍...കനലായി നീറുന്ന അനുഭവങ്ങളിലെ ഇനിയും പഠിക്കാത്ത പാഠങ്ങള്‍..മറവിയില്‍ മായുന്ന നാട്ടുനന്മകള്‍..നാട്ടുസന്ധ്യകള്‍..മകരകാറ്റിന്‍റെ,പുതുമണ്ണിന്‍റെ,പാലപൂവിന്‍റെ ഗന്ധം... ഇളം ചൂടില്‍ അലിയുന്ന വേദനകള്‍..മറവിയില്‍ മാഞ്ഞുപോകുന്ന കുങ്കുമം പുരണ്ട സന്ധ്യകള്‍...മഴ സ്വപ്നം കാണുന്ന മരുഭൂമിയിലെ പ്രവാസിയുദെ വിരഹം..വിഹ്വലതകളെ പറ്റി...എല്ലാം എല്ലാം പറയാനുണ്ട്...കേള്‍ക്കാനും..പറയൂ..

Wednesday, November 21, 2007

വയ്യാറ്റുപുഴ

വയ്യാറ്റുപുഴയിലേക്കു സ്വാഗതം....മലയുടെയും മലയിഞ്ചിയുടെയും നാട്ടിലേക്കു സ്വാഗതം...പച്ചപ്പിന്‍റെ സമ്ര്ധിയിലേക്കു...പച്ചമനുഷ്യരുടെ മണ്ണിലേക്കു സ്വാഗതം....





ഇതു വയ്യാറ്റുപുഴയിലേ ഒരേ ഒരു ക്ഷേത്രം..







ഇതു വയ്യാറ്റുപുഴയിലേ ഒരു പള്ളി.

Vayyattupuzha


This is Vayyattupuzha. Situated near to chittar. This rural hilly area is famous for spice trade. The place with an explicit beauty of hills and valleys..

Tuesday, November 20, 2007

എത്ര ദൂരെ പൊയാലും



എത്ര ദൂരെക്കു പോയാലും ഞാന്‍ ഇവിടേക്കു തന്നെ തിരിച്ചു
വരുന്നു..
എന്‍റെ നാടിന്‍റെ ഹ്രുദയ്തിലേക്കു മടങ്ങി വരുന്നു..
കോലിഞ്ചി മണമുള്ള വഴികള്‍ തേടി വീണ്ടും...

ചൂതു പാറ

ഇതു കാലത്തിന്‍റെ രഥം ഉരുണ്ട വീഥിയില്‍ പച്ചയുദെ തോരണം..പച്ചയും കറുപ്പും കലര്‍ന്ന ജീവിതത്തിന്‍റെ കള്ള ചൂത്....എന്നും ഇറങ്ങാന്‍ വേണ്ടി മാത്രം ഈ മല കയറുന്നു..


മാനത്തു നോക്കു.. കറുത്തിരികുന്നു..കാര്‍മേഘമല്ലാ.....കരിംപുക ചുരുളുകള്‍...
പൂക്കളെ നോക്കു..വെളുത്തിരിക്കുന്നു...പിച്ചിയല്ല..
വിഷം തിന്ന തെച്ചി...

മഴ തോരുന്നില്ല...

മഴ തോരുന്നേയില്ല..ഇന്നെലെ തുടങ്ങിയ മഴയാണു.. തോരുന്നേയില്ല..പെയ്തിറങ്ങുന്ന ഒരായിരം മഴനൂലുകല്‍‍..മരുപച്ചയുടെ സ്വാന്തനം പോലെ...ഇന്നു രാവില്‍ മാനത്ത് നിന്ക്കു വേണ്ടി കരഞു മറയുന്ന നക്ഷത്രത്തെ തിരിച്ചറിയ്...അതില്‍ എന്‍റെ ഹ്രുദയത്തിന്‍റെ കയൊപ്പു ഉണ്ടു.