Tuesday, July 29, 2008

ഒരു ഗള്‍ഫുകാരന്‍റെ അവധിക്കാലം.


എയര്‍പോര്‍ട്ടില്‍ നിന്നു ടാക്സിയില്‍ റൂമിലെത്തി. അച്ചാര്‍ മണക്കുന്ന ബാഗ് ഒരു മൂലക്കെറിഞ്ഞിട്ട് ഒന്നു തല ചായ്ക്കാന്‍ തുടങ്ങിയപ്പോഴാണു മുറിയിലെ ഏ.സി യുടെ ഇടയില്‍ കൂട് കെട്ടിയ പ്രാവ് ചിറക് കുടഞ്ഞ് ഇറങ്ങി വന്ന് ചോദിക്കാന്‍ തുടങ്ങിയത്...

വീണ്ടും വന്നു അല്ലേ നീ...

വരേണ്ടി വന്നു...

എങ്ങനെ ഉണ്ടായിരുന്നു അവധിക്കാലം?

അടിപൊളി.

എന്തുണ്ട് വിശേഷം?

ഒത്തിരിയുണ്ട്.

എങ്ങനെയുണ്ട് നാട് ?

കിടിലം. ദൈവങ്ങളുടെ സ്വന്തം നാട്.


ഉത്സാഹത്തോടെ പ്രാവ് വീണ്ടും ചോദിച്ചു..

മഴ നനഞ്ഞോ നീ ?

ഇല്ല.

നിലാവ് കണ്ടോ നീയ്?

ഇല്ല.

രാത്രിയില്‍ മഴയുടെ കിലുക്കം കേട്ടുറങ്ങിയോ നീ?

ഇല്ല.

മുറ്റത്ത് പൂത്ത മുല്ലയും ചെമ്പകവും മണത്തു നോക്കിയോ ?

ഇല്ല.

ചെമ്പന്‍ക്കുന്നിന്‍റെ ചെരുവിലെ സൂര്യാസ്തമയം കണ്ടോ ?

ഇല്ല.

നിലാവില്‍ പാലപൂ മണവുമായി വരുന്ന രാക്കാറ്റിന്‍റെ ചൂരറിഞ്ഞോ നീ ?

ഇല്ല.

പുഴയില്‍ മുങ്ങിക്കുളിച്ചോ ?

ഇല്ല. പുഴയില്‍ വെള്ളമില്ലായിരുന്നു.

വടക്കെപറമ്പിലെ മൂവാണ്ടന്‍ മാവ് ഈ കൊല്ലം പൂത്തതു അറിഞ്ഞോ നീ?

ഞാനറിഞ്ഞില്ല.

അച്ചുവേട്ടന്‍റെ മോള് മീനാക്ഷിയെ കണ്ടൊ നീ?

ഇല്ല. മറന്നു പോയി.

പണ്ട് നീ അവളെ കാത്തു നിന്ന ഇടവഴികളിലൂടെ നടന്നോ?

ഇല്ല.

അവളുടെ കൈ പിടിച്ചു നീ നടന്ന പുനെല്ല് മണക്കുന്ന, വഴുതുന്ന നടവരമ്പുകളില്‍..

അതു വിട് മാഷേ..

ഒരു നെടുവീര്‍പ്പോടെ പ്രാവ് ചോദിച്ചു..

പിന്നെ നീ എന്തുചെയ്യുകയായിരുന്നു സുഹ്രുത്തെ?

അനിയന് കോളേജ് അഡ്മിഷന്‍ ശരിയാക്കി. പെങ്ങളുടെ കുഞ്ഞിന്‍റെ ചോറൂണ്ണ് ഗുരുവായുര് വച്ചു ഗംഭീരമായിട്ടു നടത്തി. പുതുതായി വാങ്ങിച്ച വസ്തുവിന്‍റെ രെജിസ്റ്റേര്‍ഷന്‍ നടത്തി. വീടിന്‍റെ മുകളിലെത്തെ നിലയില്‍ മാര്‍ബിളിട്ടു. പെയിന്‍റെടിച്ചു. വീടിനു ചുറ്റും മതില്‍ കെട്ടി , മുറ്റം കോണ്‍ക്രീറ്റ് ചെയ്തു.വീഗാലാന്റില്‍ പോയി. മഹാറാണി ബാറില്‍ വച്ച് കൂട്ടുക്കാര്‍ക്കു അടിപൊളി പാര്‍ട്ടി നടത്തി.എറണാകുളത്ത് പോയി പതിനായിരം രൂപ കൊടുത്ത് ഒരു.....

ശ്ശെ.. മതി.. മതി..കഷ്ടം...

അലോസരപെടുത്തുന്ന വല്ലാത്തൊരു കുറുകലോടെ പ്രാവു മനസ്സിന്‍റെ മൂലയില്‍ കേറി ഇരിപ്പായി. അടുത്ത അവധിക്കാലം വരെ....

******************************************

ഓരോ പ്രവാസിക്കും അവധിക്കാലം ഒരുത്സവമാണ്. പക്ഷെ...

നീ അറിയാതെ, കാണാതെ പോയ തിരുവാതിരയോട് എന്തു പറയും... ?

Wednesday, July 9, 2008

വീണ്ടും കാത്തിരുപ്പ്...

മഴപൂവ് തേടുന്ന ചകിത കിനാക്കളില്‍

ചെമ്പകം പൂക്കുന്ന തീരത്തടുക്കുവാന്‍

ഇനി കടലെത്ര കടക്കണം .....

ഇനി പകലെത്ര കറുക്കണം .....


************************

ഇഷ്ടങ്ങളുടെ ....പച്ചപ്പിന്‍റെ... ഇലകൂടും വിട്ട് വീണ്ടും

ഊഷരതയുടെ ഉഷസിലേക്ക്...