Tuesday, July 29, 2008

ഒരു ഗള്‍ഫുകാരന്‍റെ അവധിക്കാലം.


എയര്‍പോര്‍ട്ടില്‍ നിന്നു ടാക്സിയില്‍ റൂമിലെത്തി. അച്ചാര്‍ മണക്കുന്ന ബാഗ് ഒരു മൂലക്കെറിഞ്ഞിട്ട് ഒന്നു തല ചായ്ക്കാന്‍ തുടങ്ങിയപ്പോഴാണു മുറിയിലെ ഏ.സി യുടെ ഇടയില്‍ കൂട് കെട്ടിയ പ്രാവ് ചിറക് കുടഞ്ഞ് ഇറങ്ങി വന്ന് ചോദിക്കാന്‍ തുടങ്ങിയത്...

വീണ്ടും വന്നു അല്ലേ നീ...

വരേണ്ടി വന്നു...

എങ്ങനെ ഉണ്ടായിരുന്നു അവധിക്കാലം?

അടിപൊളി.

എന്തുണ്ട് വിശേഷം?

ഒത്തിരിയുണ്ട്.

എങ്ങനെയുണ്ട് നാട് ?

കിടിലം. ദൈവങ്ങളുടെ സ്വന്തം നാട്.


ഉത്സാഹത്തോടെ പ്രാവ് വീണ്ടും ചോദിച്ചു..

മഴ നനഞ്ഞോ നീ ?

ഇല്ല.

നിലാവ് കണ്ടോ നീയ്?

ഇല്ല.

രാത്രിയില്‍ മഴയുടെ കിലുക്കം കേട്ടുറങ്ങിയോ നീ?

ഇല്ല.

മുറ്റത്ത് പൂത്ത മുല്ലയും ചെമ്പകവും മണത്തു നോക്കിയോ ?

ഇല്ല.

ചെമ്പന്‍ക്കുന്നിന്‍റെ ചെരുവിലെ സൂര്യാസ്തമയം കണ്ടോ ?

ഇല്ല.

നിലാവില്‍ പാലപൂ മണവുമായി വരുന്ന രാക്കാറ്റിന്‍റെ ചൂരറിഞ്ഞോ നീ ?

ഇല്ല.

പുഴയില്‍ മുങ്ങിക്കുളിച്ചോ ?

ഇല്ല. പുഴയില്‍ വെള്ളമില്ലായിരുന്നു.

വടക്കെപറമ്പിലെ മൂവാണ്ടന്‍ മാവ് ഈ കൊല്ലം പൂത്തതു അറിഞ്ഞോ നീ?

ഞാനറിഞ്ഞില്ല.

അച്ചുവേട്ടന്‍റെ മോള് മീനാക്ഷിയെ കണ്ടൊ നീ?

ഇല്ല. മറന്നു പോയി.

പണ്ട് നീ അവളെ കാത്തു നിന്ന ഇടവഴികളിലൂടെ നടന്നോ?

ഇല്ല.

അവളുടെ കൈ പിടിച്ചു നീ നടന്ന പുനെല്ല് മണക്കുന്ന, വഴുതുന്ന നടവരമ്പുകളില്‍..

അതു വിട് മാഷേ..

ഒരു നെടുവീര്‍പ്പോടെ പ്രാവ് ചോദിച്ചു..

പിന്നെ നീ എന്തുചെയ്യുകയായിരുന്നു സുഹ്രുത്തെ?

അനിയന് കോളേജ് അഡ്മിഷന്‍ ശരിയാക്കി. പെങ്ങളുടെ കുഞ്ഞിന്‍റെ ചോറൂണ്ണ് ഗുരുവായുര് വച്ചു ഗംഭീരമായിട്ടു നടത്തി. പുതുതായി വാങ്ങിച്ച വസ്തുവിന്‍റെ രെജിസ്റ്റേര്‍ഷന്‍ നടത്തി. വീടിന്‍റെ മുകളിലെത്തെ നിലയില്‍ മാര്‍ബിളിട്ടു. പെയിന്‍റെടിച്ചു. വീടിനു ചുറ്റും മതില്‍ കെട്ടി , മുറ്റം കോണ്‍ക്രീറ്റ് ചെയ്തു.വീഗാലാന്റില്‍ പോയി. മഹാറാണി ബാറില്‍ വച്ച് കൂട്ടുക്കാര്‍ക്കു അടിപൊളി പാര്‍ട്ടി നടത്തി.എറണാകുളത്ത് പോയി പതിനായിരം രൂപ കൊടുത്ത് ഒരു.....

ശ്ശെ.. മതി.. മതി..കഷ്ടം...

അലോസരപെടുത്തുന്ന വല്ലാത്തൊരു കുറുകലോടെ പ്രാവു മനസ്സിന്‍റെ മൂലയില്‍ കേറി ഇരിപ്പായി. അടുത്ത അവധിക്കാലം വരെ....

******************************************

ഓരോ പ്രവാസിക്കും അവധിക്കാലം ഒരുത്സവമാണ്. പക്ഷെ...

നീ അറിയാതെ, കാണാതെ പോയ തിരുവാതിരയോട് എന്തു പറയും... ?

54 comments:

sv said...

ഒരു ഗള്‍ഫുകാരന്‍റെ അവധിക്കാലം.

ഓരോ പ്രവാസിക്കും അവധിക്കാലം ഒരുത്സവമാണ്. പക്ഷെ...

നീ അറിയാതെ, കാണാതെ പോയ തിരുവാതിരയോട് എന്തു പറയും ... ?

Joker said...

സൂപ്പര്‍...

ദേശാടന ക്കിളികള്‍ കരയാറില്ല..ചിരിക്കാറില്ല...സ്വപ്നം കാണാറില്ല..ഗ്യഹാതുരതകള്‍ ഉണര്‍ത്താറില്ല...

ശ്രീ said...

സൂപ്പര്‍ മാഷേ... സൂപ്പര്‍...

മലയാളിയ്ക്ക് എല്ലാം നഷ്ടപ്പെടുന്നു... :(

കുഞ്ഞന്‍ said...

മാഷെ..

ആ പ്രാവിനെ അവിടെന്ന് ഓടിച്ചു കളയൂ ഇല്ലെങ്കില്‍ ഇനിയും ചോദ്യങ്ങള്‍ ചോദിക്കും.

എന്തെല്ലാം വിചാരിച്ചു പോകും പക്ഷെ..ഇതൊക്കെത്തന്നെ.

നന്നായിട്ടുണ്ട്.

അപ്പു said...

കൊടുകൈ...!!

കാസിം തങ്ങള്‍ said...

പോകുമ്പോള്‍‌, അല്ല പോകാന്‍‌ തുടങ്ങുന്നതിന് മുമ്പേ എന്തെല്ലാം പ്ലാന്‍‌ ചെയ്യുന്നു. പക്ഷേ പോയി മടങ്ങിവന്നാലായിരിക്കും ഒന്നും ചെയ്യാന്‍‌ കഴിങ്ങില്ലല്ലോ എന്ന് ചിന്തിക്കുക. പ്രാവിനിയുമിനിയിം ചോദിക്കട്ടെ, നമ്മുടെ ഓര്‍‌മ്മാകള്‍ക്കൊരുണര്‍ത്തുപാട്ടായി.

അല്ഫോന്‍സക്കുട്ടി said...

അടുത്ത അവധിക്കാലത്തെങ്കിലും പ്രാവ് പ്ലാന്‍ ചെയ്ത പോലെ കാര്യങ്ങള്‍ നടക്കട്ടെയെന്ന് ആശംസിക്കുന്നു.

Sharu.... said...

സത്യം സത്യം സത്യം.... പ്രാവിന്റെ ചോദ്യത്തിലൂടെ എങ്കിലും ഓര്‍മ്മകളിലേയ്ക്ക് മടങ്ങിപ്പോ‍കുന്നുണ്ടല്ലോ, അതുതന്നെ ഭാഗ്യം. ഈ പറയുന്ന ഓര്‍മ്മകളും ഉള്ളിന്റെ ഉള്ളില്‍ കുറുകുന്ന പ്രാവും ഒക്കെയും നഷ്ടമാകാന്‍ തുടങ്ങുന്നു.

ഹരിശ്രീ said...

സുഹൃത്തേ,

വളരെ സത്യം...

പലതും കണക്കുകൂട്ടി ആണ് ഓരോ പ്രവാസിയും നാട്ടിലെത്തുന്നത്. പക്ഷേ അവന്റെ മനസ്സിലുള്ള കാര്യങ്ങള്‍ ആയിരിയ്കില്ല നടപ്പില്‍ വരുക...

:(

Seema said...

nannayirikkunnu...:)

അനില്‍@ബ്ലോഗ് said...

നെരനുഭവമില്ല.എങ്കിലും മനസ്സിലാവും.ഇപ്പോള്‍ ഒരാളെ യാത്രയാക്കി വന്നിരുന്നതെയുള്ളൂ.

sv said...

joker ,ശ്രീ, കുഞ്ഞന്‍ , അപ്പു , കാസിം തങ്ങള്‍ , അല്ഫോന്‍സക്കുട്ടി, sharu , ഹരിശ്രീ , seema
, അനില്‍ .... വന്നതിനും പറഞ്ഞതിനും നന്ദി.. നന്ദി...

ഫസല്‍ said...

തീര്‍ച്ചയായും അടുത്ത വട്ടം പോകുമ്പോള്‍ എല്ലാം നടക്കട്ടെ എന്നാശംസിക്കുന്നു. പിന്നെയൊരു കാര്യം നാട്ടില്‍ സ്ഥിരമായുള്ളവന്, ഈ ഇടവഴിയും കുന്നിന്‍ചെരുവും കുളവും പാടവും വഴിവക്കും കലുങ്കും മാവിന്‍ചുവടും ഒന്ന് ഓര്‍മ്മപ്പെടുത്താന്‍ പോലും ഒരു പ്രാവ് അവശേഷിക്കുന്നുണ്ടാവില്ല...

Sarija N S said...

നന്നായിരിക്കുന്നു. അവധിക്കാലങ്ങള്‍ ഇങ്ങനെയെല്ലാമാ‍യി തീരുന്നു. ചോര്‍ന്നു പോകുന്ന മോഹങ്ങളെ തിരിച്ചു പിടിക്കാന്‍ കഴിയട്ടെ

mmrwrites said...

നാടു വിട്ടു പോയ അനുഭവം സ്വന്തമായില്ല.., എങ്കിലും ആരെങ്കിലും യാത്ര പറഞ്ഞുപോകുമ്പോള്‍ ഉറ്റവരല്ലെങ്കില്‍പ്പോലും നൊമ്പരം തോന്നാറുണ്ട്.. താങ്കളുടെ വിഷമം അതുകൊണ്ടുതന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നുമുണ്ട്.. നന്നായിട്ടുണ്ട്.

വത്സലന്‍ വാതുശ്ശേരി said...

മനസ്സില്‍ ഒരു തുള്ളി ആസിഡ് വീണതു പോലെ. ഈ കവിത ബ്ലോഗിലൊതുങ്ങേണ്ടതല്ല.

തറവാടി said...

ആത്മാര്‍ത്ഥയുള്ള എഴുത്ത്.

കുറ്റക്കാരന്‍ :)

നാട്ടില്‍ പോകുന്നതിന് മൂന്ന് നാല് മാസം മുമ്പെ ഓരോ ദിവസവും എന്തു ചെയ്യണമെന്ന് എഴുതിവെക്കുന്ന പതിവുണ്ടെനിക്ക് , പോകുന്നതിനു തലേ ദിവസം വരെ അതു എഡിറ്റ് ചെയ്തുകൊണ്ടിരിക്കും :)

തറവാട്ട് കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതടക്കം , മിക്കതും നടക്കാറുമുണ്ട് :)

തെറ്റുന്ന ചിലതുണ്ട് , സിനിമക്ക് ടിക്കറ്റ് കിട്ടാറില്ല പലപ്പോഴും :)


തെറ്റുന്ന ചിലതുണ്ട് , സിനിമക്ക് ടിക്കറ്റ് കിട്ടാറില്ല പലപ്പോഴും :)

രസികന്‍ said...

നല്ല ശൈലി നന്നായിരുന്നു
സത്യമാണു താങ്കൾ , എഴുതിയത് കണക്കുകൂട്ടുന്നപോലെയൊന്നും നടക്കാ‍റില്ല. എനിക്കും അടുത്ത വെക്കേഷന് ഒരുപാട് സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹമുണ്ട് നടക്കുമോ എന്തോ.....

OAB said...

തഥൈവ..

സ്വപ്നം കാണാന്‍ ലൈസന്‍സ് വേണ്ട, നികുതിയില്ല, ആരുടെ കുത്തകയും ഇല്ല. അതിനാല്‍ ഞാന്‍ നന്നായിട്ട് കാണും. അത്രയൊക്കെ മതീന്നേ..
അല്ല, ഇപ്രാവശ്യം എന്തായാലും...!!

സംഭ്രമജനകന്‍ said...

ഞാനും പോകുന്നു വ്യഴഴ്ചാ .... 2 വര്‍ഷത്തിനു ശേഷം :-( , for 3 weeks vacation :-) ഈ പേജ് print എടുക്കുന്നുണ്ട് ,, എല്ലാം ചെയ്തിട്ടേ വരൂ :-)

sv said...

ഫസല്‍, Sarija N S , mmrwrites , വത്സലന്‍ വാതുശ്ശേരി, തറവാടി , രസികന്‍ , OAB, സംഭ്രമജനകന്‍ ...വന്നതിനും പറഞ്ഞതിനും നന്ദി.. നന്ദി...

Anonymous said...

SV....
sathyam ayittum 6 months ayi blogs reading thudangiyittundu...but ningalude blogs ippol anu kannil pettathu...

Adipoli...ente vishamam kettoloo..

ethandu ithu pole onnu njanum ready akki vachirikkuvarunnu onnu bloggan...
sshhe! kalanju kulichallo..


Haris doha

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

അച്ചുവേട്ടന്‍റെ മോള് മീനാക്ഷിയെ കണ്ടൊ നീ?
ഇല്ല. മറന്നു പോയി.
പണ്ട് നീ അവളെ കാത്തു നിന്ന ഇടവഴികളിലൂടെ നടന്നോ?
ഇല്ല.
വായിച്ചപ്പോള്‍ മനസ്സിലൊരു കൊളുത്തിവലിയല്‍..ഓട്ടപ്പാച്ചിലില്‍ നമ്മള്‍ തന്നെ ഇല്ലാതാവുന്നു.നടന്ന വഴികള്‍.. ഓര്‍മകള്‍... ഒരുപാട് പറയാനുണ്ട്. ഈ ഇടം പോര സുഹ്രുത്തേ

ശിവ said...

ഇല്ല ... ഇല്ല... എന്ന് പറഞ്ഞതൊക്കെ തിരുത്തി... അതെ... അതെ ... എന്നു പറയാന്‍ ഇനിയുമൊരു അവധിക്കാലത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു...

ഗോപക്‌ യു ആര്‍ said...

kalakki ketto!!

kariannur said...

പൊളി പറയ്യ അല്ല. ക്ഷ പിടിച്ചു.

അനൂപ്‌ കോതനല്ലൂര്‍ said...

ഏല്ലാ ഗള്‍ഫുകാരന്റെയും അവസ്ഥ ഇതൊക്കെ തന്നെയാണ്

പ്രയാസി said...

മാഷേ......

സംഭവം കലക്കി, അല്ല ഞാനീ നാട്ടീപ്പോയി കാണിച്ചു കൂട്ടിയതെല്ലാം ഇത്ര വ്യക്തമായി.. പ്രത്യേകിച്ച് ആ എറണാകുളത്തെ..;)

ഇനിയും പലതും പോരട്ടെ..

Babu Kalyanam | ബാബു കല്യാണം said...

:-)

മുസാഫിര്‍ said...

ഓളത്തിലെ പൊങ്ങു തടിയാവാനും ഒരു രസമില്ലെ , ചിലപ്പോഴെങ്കിലും ? എഴുത്ത് നന്നായിരിക്കുന്നു.

സജി said...

ഇതുവരെ ഒരു അവധിക്കും, ചെയ്യേണ്ടതൊന്നും ചെയ്തില്ല....

ഒന്നും നടന്നില്ല അത്ര തന്നെ..
ഇനിയൊട്ടു പറ്റുമെന്നും തോന്നുന്നില്ല..

എല്ലാ പ്രവാസിയുടെ മുറിയുടെ മൂലയിലും ഉണ്ട് ഇത്തരം ഒരു കുഞ്ഞരി പ്രാവ്..
ഓരോന്നു ചോദിച്ച് , ചോദിച്ച് വേദനിപ്പിക്കാനായി..

smitha adharsh said...

ഒരുപാടൊരുപാട് മോഹങ്ങളുമായി നാട്ടിലേക്ക് പോകുന്ന പ്രവാസികളെ ഞാന്‍ എന്നും കാണുന്നതാണ്.തിരിച്ചു വരുമ്പോള്‍ കൈയില്‍ കാലണ ഇല്ലാതെ തിരിച്ചു വരുന്നു എന്നല്ലാതെ എല്ലാ മോഹങ്ങളും പൂവണിഞ്ഞു എന്ന് പറയുന്ന ആരെയും കണ്ടില്ല.
ഞാനും അതെ...പ്രാവിന്റെ ചോദ്യങ്ങള്‍ ഒരുപാടു കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു.....
നല്ല പോസ്റ്റ് മാഷേ

SreeDeviNair said...

sv,
എന്നെന്നും,
മനസ്സില്‍ സന്തോഷത്തിന്റെ
പൂത്തിരി വിരിയട്ടെ...

ചേച്ചി

Jithendrakumar/ജിതേന്ദ്രകുമര്‍ said...

manasil angine oru praavenkilum baakkiyuntallo. athu mathi. athine eppOzhum avite sUkshikkanam.

sv said...

സുനില്‍, ശിവ, ഗോപക്‌ , kariannur ,അനൂപ്‌ കോതനല്ലൂര്‍ , പ്രയാസി , Babu Kalyanam, മുസാഫിര്‍ , സജി , smitha adharsh, SreeDeviNair , Jithendrakumar ....വന്നതിനും പറഞ്ഞതിനും നന്ദി.. നന്ദി...

ഒരു സ്നേഹിതന്‍ said...

ഓരോ പ്രവാസിക്കും അവധിക്കാലം ഒരുത്സവമാണ്. പക്ഷെ...

നീ അറിയാതെ, കാണാതെ പോയ തിരുവാതിരയോട് എന്തു പറയും ... ?

നല്ല ചിന്ത... ഒരു പ്രവാസിയായ എന്നെ ഇതു വല്ലാതെ ചിന്തിപ്പിച്ചു..

ഒരു സ്നേഹിതന്‍ said...

ഓരോ പ്രവാസിക്കും അവധിക്കാലം ഒരുത്സവമാണ്. പക്ഷെ...

നീ അറിയാതെ, കാണാതെ പോയ തിരുവാതിരയോട് എന്തു പറയും ... ?

നല്ല ചിന്ത... ഒരു പ്രവാസിയായ എന്നെ ഇതു വല്ലാതെ ചിന്തിപ്പിച്ചു..

ഒരു സ്നേഹിതന്‍ said...

ഓരോ പ്രവാസിക്കും അവധിക്കാലം ഒരുത്സവമാണ്. പക്ഷെ...

നീ അറിയാതെ, കാണാതെ പോയ തിരുവാതിരയോട് എന്തു പറയും ... ?

നല്ല ചിന്ത... ഒരു പ്രവാസിയായ എന്നെ ഇതു വല്ലാതെ ചിന്തിപ്പിച്ചു..

കിഴക്കന്‍ said...

Simply great...:)

ചോലയില്‍ said...

പ്രവാസവേദനകള്‍ക്ക്‌ പുതിയൊരു ഡൈമന്‍ഷന്‍.
നന്നായിരിക്കുന്നു.

Bindhu said...

ആ പ്രാവും പ്രവാസി മലയാളി ആണോ? എല്ലാം കൃത്യമായി ചോദിക്കുന്നു? :-)

രണ്‍ജിത് ചെമ്മാട്. said...

ഒരു കവിതപോലെ മനോഹരമായൊരു പോസ്റ്റ്!
രചനാ ശൈലിയും അതു പോലെതന്നെ.
ഒരുപാടാഗ്രഹങ്ങള്‍ സ്വരുക്കൂട്ടി വച്ചാണ്‌
ഓരോ പ്രവാസിയും നാട്ടിലേക്ക് വിമാനം കയറുന്നത്
എണ്ണിച്ചുട്ട ദിവസങ്ങളുടെ നീക്കുപോക്കുകളില്‍
നമുക്കൊന്നും ചെയ്യാന്‍ കഴിയാതെ വരുന്നു.
പിന്നെയും അടുത്ത അവധിക്കായ് കാത്തിരിക്കുന്നു.....

അപര്‍ണ said...

"വരവേല്പ്" എന്ന ചിത്രത്തെക്കുറിച്ച് പരാമര്‍ശിച്ച വാജ്പൈ ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍.......

Mahi said...

ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നമ്മുടെ കൈയ്യില്‍ നിന്നും വഴുതിപ്പോകുന്ന ഒരുപാട കാര്യങ്ങളെ ഭംഗിയായ്‌ അവതരിപ്പിച്ചിരിക്കുന്നു

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഇനിയൊരവധിക്കാലത്തിനായി കാത്തിരിക്കുന്ന പ്രവാസികള്‍ക്ക്‌ .കൂടുതലൊന്നും മോഹിക്കാതിരിക്കാന്‍.. മടങ്ങിവന്ന് പ്രാവിന്റെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുമ്പോള്‍ നിരാശയില്ലാതിരിക്കാന്‍. .. ഞാനെന്റെ മോഹങ്ങള്‍ കുഴിച്ചിടട്ടെ..

എങ്കിലും മനസ്സിലിരുന്ന് ഈ പ്രാവ്‌ കുറുകട്ടെ.അങ്ങിനെയെങ്കിലും പ്രവാസത്തിന്റെ ദിനങ്ങള്‍ പ്രതീക്ഷകളോടെ കഴിയാം..

വളരെ ഇഷ്ടമായി ഈ ചോദ്യങ്ങള്‍.. ഉത്തരത്തെ കുറിച്ച്‌ പറയുന്നില്ല.. :)

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

മച്ചുനന്‍/കണ്ണന്‍ said...

നഷ്ടങ്ങള്‍ പ്രാവിന്റെ വാക്കുകളി‍ലൂടേയും നേട്ടങ്ങള്‍ സ്വന്തം കവിളിലൂടെ പറഞ്ഞ രീതി നന്നായി..
ഒരിയ്ക്കല്‍ മുകളിലത്തെ നിലയിലെ മാര്‍ബിള്‍ തറയില്‍ വെറുതേ കിടക്കുമ്പൊ ഓര്‍ക്കാന്‍ ഈ നഷ്ടങ്ങളേ കൂടെ ഉണ്ടാകൂ..

പ്രണയകാലം said...

കണ്ണു നിറഞ്ഞ്പോയീട്ടോ :( നന്നായിരിക്കുന്നു ആശംസകള്‍

നരിക്കുന്നൻ said...

ഓരോ അവധിക്കാലവും സമ്മാനിക്കുന്ന പുതിയ പുതിയ ബാധ്യതകളില്‍ എവിടെ മഴകൊള്ളാന്‍ നേരം.. പനിപിടിച്ച് കിടന്നാല്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വിസ നഷ്ടപ്പെടും. പക്ഷെ, എവിടെയെങ്കിലും എന്നെങ്കിലും ആ പഴയ ഓര്‍മ്മകളിലേക്ക് പ്രവാസിക്ക് തിരിച്ച് പോക്ക് ഉണ്ടാകുമോ....?

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ടു...
നന്‍മകള്‍ നേരുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!

കല|kala said...

ഇത്ര കൊതിച്ചാണു ഓരൊ പ്രവാസിയും
നാടണയുന്നെതെന്നു
അറിഞിരുന്നില്ല.
പോസ്റ്റും കമന്റ്സുകളും
ആത്മാര്‍ത്ഥം സുന്ദരം...

ViswaPrabha വിശ്വപ്രഭ said...

ഇപ്പോഴാണു് ഈ ബ്ലോഗ് കണ്ടത്;
ഇപ്പോഴാണു് ഈ പോസ്റ്റ് കണ്ടത്;
ഇപ്പോഴാണു് മച്ചിലെ ഇരുട്ടിൽനിന്നും ഒരു പ്രാവു് മിന്നൽപോലെ പാഞ്ഞുവന്ന് എന്റെ കരളും തുളച്ച് പറന്നകന്നത്.

സത്യമായും, ഇപ്പോളാണു് എന്റെ കണ്ണുകൾ കരകവിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നത്.

സത്യമായും!

ചാട്ടുളിപോലെ, നിന്റെ എഴുത്ത് എന്റെ ഹൃദയത്തെ കൊളുത്തിവലിച്ചിരിക്കുന്നു ഇപ്പോൾ.

മാണിക്യം said...

ഞാന്‍ നാട്ടില്‍ പോകാന്‍ പ്ലാനിട്ടു തുടങ്ങി.
മൂന്ന് കൊല്ലമായി, മനസ്സില്‍ ആ കുഞ്ഞരിപ്രാവ് ഓരോന്ന് ചോദിച്ച് എന്നെ ശ്വാസം മുട്ടിക്കുന്നു ..
ഇക്കുറി എങ്കിലും പോയി വരുമ്പോള്‍ എനിക്കും എല്ലാ ചോദ്യത്തിനും അല്ലങ്കില്‍ പോലും കുറെ എങ്കിലും ‘ഊവ്വ്’ .. കണ്ടു... പോയി...
എന്നൊക്കെ പറയാന്‍ സാധിക്കണമെന്നൊരാശ!
നനഞ്ഞ പാടവരമ്പത്ത് കൂടി നടക്കണം
പുഴയോരത്ത് പോയി ഒരു നിലാവുള്ള രാത്രിയില്‍ ഇരിക്കണം,ഈക്കുറി കുറെ യാത്ര പോകണം, പണ്ടത്തെ ചങ്ങാതിമാരെ ഒന്നും കൂടി കാണണം.
ശ്ശോ! ഇതു വായിയ്ക്കേണ്ടിയിരുന്നില്ല.
കരച്ചില്‍ വരുന്നു..........

വരവൂരാൻ said...

ഈ ബ്ലോഗ്ഗിൽ ഇതിനു മുൻപേ വരേണ്ടതായിരുന്നു, മനോഹരം