Wednesday, November 26, 2008

നാട്ടില്‍ പോകുന്നു...ഒരു അവധിക്കാലം കൂടി..


മറക്കാത്ത വഴികള്‍ തേടി വീണ്ടും.....

മണ്ണിന്‍റെ മണമുള്ള പച്ചപ്പിലേക്ക്...

















എത്ര ദൂരെക്കു പോയാലും ഞാന്‍ ഇവിടേക്കു തന്നെ തിരിച്ചു വരുന്നു..
















ഒരിക്കല്‍ കൂടി.... തകഴി ഷാപ്പ് ( TS no :238 )















കര്‍ത്താവേ.. മിന്നിച്ചേക്കണേ...

Saturday, November 22, 2008

ഒരു വര്‍ഷം ആകുന്നു മഴ തുടങ്ങിയിട്ട്...

ഒരു വര്‍ഷം ആകുന്നു മഴ തുടങ്ങിയിട്ട്...

നന്ദിയുണ്ട്... എല്ലാവരോടും...



പ്രാര്‍ത്ഥനകളോടെ നില്‍ക്കുന്നു....

Tuesday, November 18, 2008

മകനേ .. നിനക്ക് വേണ്ടി..


നിന്‍ പാല്‍ചിരി പൂ വിരിയുന്ന കിളികൊഞ്ചല്‍
അറിയാതെ അകലെയീ ചെന്തീകടലിന്‍റെ ഇക്കരെ
നിന്നെ കനവിന്‍റെ കൈപിടിച്ച് നടത്തവേ
കരുതിയെന്താണ് നിനക്കായി ഞാന്‍ ...

ഇല്ല മകനേ നിനക്കായൊരു ദുരിതപാഠങ്ങളും
കയ്പ്പും കനലും കുടിപ്പിച്ച വഴികണക്കുകളും
ഒന്നും മറക്കാതിരിക്കാന്‍ പഠിപ്പിച്ച എഞ്ചുവടികളും
നീറുന്ന കനലൂതി ഞാന്‍ വന്ന വഴികളിലേ
പൊള്ളുന്ന ഗുണപാഠങ്ങളുമില്ല..

ഇല്ല മകനേ നിനക്ക്...
എന്നും ഫീസിനായി, വണ്ടികാശിനായി
അയലിടങ്ങളില്‍ ഓടുന്ന അമ്മയും
ഒരു പുത്തനുടുപ്പിനായി കരയുന്ന പെങ്ങളും
ചുവന്നകണ്ണുമായി അണയുന്ന താതനും
ചാണകം മണക്കുന്ന ഒറ്റ മുറി വാടകകൂടുമില്ല.

നീ വളരുക , ഒന്നുമറിയാതെ നീ വളരുക.
സ്വച്ഛന്ദ ജീവിത മധുവുണ്ട് നീ വളരുക.


ഇന്നു നിന്‍ കുഞ്ഞിവിരലുകളാ കീബോര്‍ഡിലൂടെ
പരതവേ, പൊട്ടിയ സ്ലേറ്റുമായി ഒരു കല്ലുപെന്‍സിലിനായി
കരഞ്ഞൊരെന്‍ ബാല്യമോര്‍ക്കുന്നു ഞാന്‍...

Wednesday, November 5, 2008

ഗള്‍ഫിന്‍റെ ഇതിഹാസം...പറയാതെ പോയത്....

ഗള്‍ഫ് കാരന്‍റെ ഇതിഹാസം... ഇവിടെ

പറയാതെ പോയത്....

അയാളുടെ സാധനങ്ങള്‍.... പുസ്തകവും മറ്റും.. ഒരാള്‍ വന്ന്
പോലിസുകാരില്‍ നിന്ന് ഏറ്റുവാങ്ങുനത് കണ്ടു,
സുഹൃത്തായിരിക്കണം...


പക്ഷെ അയാളെ പറ്റി പിന്നെ ഇതുവരെ ഒന്നും അറിയാന്‍
കഴിഞ്ഞില്ല...


ഒരു പക്ഷെ തന്‍റെ പുസ്തകം തേടി അയാള്‍ തിരികെ എത്തികാണും...അള്ളാപിച്ച മൊല്ലാക്കയും മൈമുനയും
അപ്പുകിളിയും കുടിയിരിക്കുന്ന തന്‍റെ പ്രിയപ്പെട്ട പുസ്തകം മാറോട് ചേര്‍ത്ത് തിളക്കുന്ന വെയിലില്‍ റോഡരികിലൂടെ മുടന്തി മുടന്തി നീങ്ങുന്നുണ്ടാവാം...


അല്ലെങ്കില്‍ ബില്ല് അടയ്ക്കാന്‍ പണമില്ലാതെ ഏതോ ആശുപത്രിയില്‍ സുഹൃത്തുക്കളുടെ കാരുണ്യം തേടി...

അതുമല്ലെങ്കില്‍ പരിക്കുകളോടെ തര്‍ഹീലീല്‍...

ഒരിക്കലും..കാല്‍ വിരലില്‍ ഇക്കാ‍മ നമ്പര്‍ എഴുതിയ ഒരു കുറിപ്പുമായി തണുത്ത മരവിച്ച ഏതോ.... ഇല്ല....ഒരിക്കലും ഉണ്ടാവില്ല...

(സൌദിയിലേ ഒരു സാധാരണ പ്രവാസി തൊഴിലാളിയുടെ
സാധ്യതകള്‍ വേറെ എന്താണ്... )

Monday, October 27, 2008

ഗള്‍ഫ്കാരന്‍റെ ഇതിഹാസം...

വൈകിട്ട് ഓഫിസില്‍ നിന്ന് റൂമിലെത്തി ചാനല്‍ മാറ്റി കളിക്കുന്നതിനിടയ്ക്കാണ് പുറത്ത് എന്തോ ശബ്ദം കേട്ടത്. പെട്ടെന്നെണീറ്റ് ജനല്‍ തുറന്ന് നോക്കിയിട്ട് ഒന്നും മനസ്സിലായില്ല. താഴെ ഒരു ആള്‍ക്കൂട്ടം കണ്ടു. തിരക്കുള്ള ക്രോസ്സിങ്ങ് ആയതിനാല്‍ അപകടം പതിവാണ് ഇവിടെ.

എന്തായാലും നോക്കാം എന്നു കരുതി ഡ്രെസ്സ് മാറി ഇറങ്ങി ചെന്നു. അപ്പോഴേക്കും പോലിസും ആംബുലന്‍സും ഒക്കെ എത്തിയിരുന്നു. അടുത്തുള്ള പള്ളിയില്‍ നിന്ന് മഗരിബ് കഴിഞ്ഞ് ഇറങ്ങിയ ആളുകളും അവിടെ കൂടിയിരുന്നു.

റോഡിന്‍റെ സൈഡിലേക്ക് തിരിച്ച് നിര്‍ത്തിയ ജി.എം.സി യില്‍ ചാരി നിന്ന് ഒരു സൌദി ഫോണ്‍ ചെയ്യുന്നു . അതിന്‍റെ മുന്നില്‍ പാതി ജി.എം.സി യുടെ അടിയിലായി ഒടിഞ്ഞ് മടങ്ങിയ നിലയില്‍ ഒരു സൈക്കിള്‍. തുണി ഇട്ട് മൂടിയ ഒരു ശരീരം ആംബുലന്‍സിലേക്ക് എടുക്കുന്നു. ഒഴുകി പടര്‍ന്ന ചോരക്കും അപ്പുറം ചിതറികിടക്കുന്ന ചോറ്റുപാത്രവും യൂണിഫോമും പണിയായുധങ്ങളും . ചോരപുരണ്ട ഒരു കവറിന്‍റെ അരികിലായി ഒരു പുസ്തകവും. മെല്ലെ കുനിഞ്ഞ് ആ പുസ്തകം ഒന്നു മറിച്ചിട്ട് നോക്കി. ഈശ്വരാ.... ഖസാക്കിന്‍റെ ഇതിഹാസം.
മഴയില്‍ ഖസാക്കിന്‍റെ മണ്ണിനെ പുല്‍കി കിടക്കുന്ന രവി....
പുതുമണ്ണില്‍ ഉയര്‍ന്നു വരുന്ന ചെറുനാഗങ്ങള്‍‍..എന്‍റെ രവി....കണ്ണു നിറഞ്ഞ് പോയി.
എനിക്ക് ചുറ്റും മഴ പെയ്യുന്ന പോലെ... തിരിഞ്ഞ് നോക്കിയപ്പോള്‍ അകലെ മറയുന്ന ആംബുലന്‍സ്.... ഈശ്വരാ....

Thursday, September 11, 2008

കവിത - നീ ഇല്ലാത്ത ഓണം... By ONV കുറുപ്പ് -കേള്‍ക്കൂ

നീ ഇല്ലാത്ത ഓണം... ONV കുറുപ്പിന്‍റെ സ്വന്തം ശബ്ദത്തില്‍.....കണ്ണീരോടെ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു...



Get this widget | Track details | eSnips Social DNA

Wednesday, September 10, 2008

പ്രവാസിയുടെ ഓണം ....ഓണത്തിന്‍റെ നാനാര്‍ത്ഥങ്ങള്‍....

ഉള്ളില്‍ ഗൃഹാതുരത്വമുണര്‍ത്തി വീണ്ടും ഒരു ഓണം കൂടി...ഓണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ കഴിഞ്ഞുപോയ ഓണങ്ങളുടെ ഒരായിരം നിറമുള്ള ഓര്‍മ്മകള്‍..

വെള്ളമൊഴുകി വരുന്ന കല്‍പ്പടവുകള്‍ ചവിട്ടികയറി ‘ഓല’ പള്ളിക്കൂടത്തില്‍ പോയ കാലത്ത് ഓണം എനിക്ക് ഒരു കാഴ്ച മാത്രം. ഉരുകുന്ന ടാറില്‍ ചവിട്ടി ഒട്ടുന്ന കാലുമായി സ്ക്കൂളിലേക്ക് പോയ കാലത്ത് ഓണം ഒരു മോചനമായിരുന്നു.. പരീക്ഷകളില്‍ നിന്നും. പിന്നെ ബസുകള്‍ പലത് മാറിക്കയറി കോളേജില്‍ പോയ കാലത്ത് ഓണം ശരിക്കും ഒരു ഉത്സവമായി മാറി. വര്‍ണ്ണങ്ങളും സ്വപ്നങ്ങളും കൂടി കലര്‍ന്ന , ശരിക്കും നാട്ടിന്‍ പുറത്തെ ഉത്സവം. ഞാനും, എന്‍റെ കൂട്ടുക്കാരും നാട്ടുക്കാരും മാത്രമറിയുന്ന എണ്ണം പറഞ്ഞ സന്തോഷത്തിന്‍റെ ദിനങ്ങള്‍..

പിന്നെ ജോലി തേടിയുള്ള ദീര്‍ഘയാത്രയില്‍ ഓണം വന്യമായ ഗൃഹാതുരതയോടെ നാട്ടിലേക്ക് പോകാനുള്ള അവസരമായിരുന്നു. കാച്ചെണ്ണയുടെയും മുല്ലപൂവിന്‍റെയും ഗന്ധത്തിലേക്ക് മടങ്ങാനുള്ള അവേശമായിരുന്നു.

അപ്പോഴേക്കും ഓണം ചാനലുകളിലേക്കും കാസറ്റുകളിലേക്കും മാറാന്‍ തുടങ്ങിയിരുന്നു... എന്‍റെ നാട്ടിന്‍പുറം നഗരമായും. പക്ഷെ അപ്പോഴെല്ലാം മനസ്സില്‍ പൂപൊലി പാട്ടിന്‍റെയും തുമ്പിതുള്ളലിന്‍റെയും താളമുണ്ടായിരുന്നു... ഓണത്തിനായി കാത്തിരിക്കുന്ന ഒരു മനസ്സുണ്ടായിരുന്നു.

പക്ഷെ പിന്നെ, വേരു പറിച്ചെറിഞ്ഞ്, കടല്‍ കടന്ന്, പ്രവാസം തുടങ്ങിയപ്പോള്‍ ഓണത്തിനായി കാത്തിരിക്കാത്ത , ഓണത്തെ അറിയാത്ത നാളുകള്‍. ഈ മരുഭൂമിയുടെ ഊഷരതയുടെ നെടുവീര്‍പ്പിനുള്ളില്‍ പ്രവാസിയുടെ ഓണം ഞെരിഞ്ഞമരുന്നു. ഉര്‍വരതയുടെ നാളുകളെ സ്വപ്നം കണ്ട് കോണ്‍ക്രീറ്റ് കൂടിനുള്ളില്‍ ഓണം ‘ആഘോഷിക്കുന്നു’....

അങ്ങനെ കാത്തിരിക്കാതെ ഒരു ഓണം കൂടി...

Sunday, August 24, 2008

ദമ്മാമിലെ ഒരു സൂര്യാസ്തമയം...( photo)

ദമ്മാമിലെ ഒരു സൂര്യാസ്തമയം....





നീയില്ലാത്ത ഒരു അസ്തമയം കൂടി....

Tuesday, July 29, 2008

ഒരു ഗള്‍ഫുകാരന്‍റെ അവധിക്കാലം.


എയര്‍പോര്‍ട്ടില്‍ നിന്നു ടാക്സിയില്‍ റൂമിലെത്തി. അച്ചാര്‍ മണക്കുന്ന ബാഗ് ഒരു മൂലക്കെറിഞ്ഞിട്ട് ഒന്നു തല ചായ്ക്കാന്‍ തുടങ്ങിയപ്പോഴാണു മുറിയിലെ ഏ.സി യുടെ ഇടയില്‍ കൂട് കെട്ടിയ പ്രാവ് ചിറക് കുടഞ്ഞ് ഇറങ്ങി വന്ന് ചോദിക്കാന്‍ തുടങ്ങിയത്...

വീണ്ടും വന്നു അല്ലേ നീ...

വരേണ്ടി വന്നു...

എങ്ങനെ ഉണ്ടായിരുന്നു അവധിക്കാലം?

അടിപൊളി.

എന്തുണ്ട് വിശേഷം?

ഒത്തിരിയുണ്ട്.

എങ്ങനെയുണ്ട് നാട് ?

കിടിലം. ദൈവങ്ങളുടെ സ്വന്തം നാട്.


ഉത്സാഹത്തോടെ പ്രാവ് വീണ്ടും ചോദിച്ചു..

മഴ നനഞ്ഞോ നീ ?

ഇല്ല.

നിലാവ് കണ്ടോ നീയ്?

ഇല്ല.

രാത്രിയില്‍ മഴയുടെ കിലുക്കം കേട്ടുറങ്ങിയോ നീ?

ഇല്ല.

മുറ്റത്ത് പൂത്ത മുല്ലയും ചെമ്പകവും മണത്തു നോക്കിയോ ?

ഇല്ല.

ചെമ്പന്‍ക്കുന്നിന്‍റെ ചെരുവിലെ സൂര്യാസ്തമയം കണ്ടോ ?

ഇല്ല.

നിലാവില്‍ പാലപൂ മണവുമായി വരുന്ന രാക്കാറ്റിന്‍റെ ചൂരറിഞ്ഞോ നീ ?

ഇല്ല.

പുഴയില്‍ മുങ്ങിക്കുളിച്ചോ ?

ഇല്ല. പുഴയില്‍ വെള്ളമില്ലായിരുന്നു.

വടക്കെപറമ്പിലെ മൂവാണ്ടന്‍ മാവ് ഈ കൊല്ലം പൂത്തതു അറിഞ്ഞോ നീ?

ഞാനറിഞ്ഞില്ല.

അച്ചുവേട്ടന്‍റെ മോള് മീനാക്ഷിയെ കണ്ടൊ നീ?

ഇല്ല. മറന്നു പോയി.

പണ്ട് നീ അവളെ കാത്തു നിന്ന ഇടവഴികളിലൂടെ നടന്നോ?

ഇല്ല.

അവളുടെ കൈ പിടിച്ചു നീ നടന്ന പുനെല്ല് മണക്കുന്ന, വഴുതുന്ന നടവരമ്പുകളില്‍..

അതു വിട് മാഷേ..

ഒരു നെടുവീര്‍പ്പോടെ പ്രാവ് ചോദിച്ചു..

പിന്നെ നീ എന്തുചെയ്യുകയായിരുന്നു സുഹ്രുത്തെ?

അനിയന് കോളേജ് അഡ്മിഷന്‍ ശരിയാക്കി. പെങ്ങളുടെ കുഞ്ഞിന്‍റെ ചോറൂണ്ണ് ഗുരുവായുര് വച്ചു ഗംഭീരമായിട്ടു നടത്തി. പുതുതായി വാങ്ങിച്ച വസ്തുവിന്‍റെ രെജിസ്റ്റേര്‍ഷന്‍ നടത്തി. വീടിന്‍റെ മുകളിലെത്തെ നിലയില്‍ മാര്‍ബിളിട്ടു. പെയിന്‍റെടിച്ചു. വീടിനു ചുറ്റും മതില്‍ കെട്ടി , മുറ്റം കോണ്‍ക്രീറ്റ് ചെയ്തു.വീഗാലാന്റില്‍ പോയി. മഹാറാണി ബാറില്‍ വച്ച് കൂട്ടുക്കാര്‍ക്കു അടിപൊളി പാര്‍ട്ടി നടത്തി.എറണാകുളത്ത് പോയി പതിനായിരം രൂപ കൊടുത്ത് ഒരു.....

ശ്ശെ.. മതി.. മതി..കഷ്ടം...

അലോസരപെടുത്തുന്ന വല്ലാത്തൊരു കുറുകലോടെ പ്രാവു മനസ്സിന്‍റെ മൂലയില്‍ കേറി ഇരിപ്പായി. അടുത്ത അവധിക്കാലം വരെ....

******************************************

ഓരോ പ്രവാസിക്കും അവധിക്കാലം ഒരുത്സവമാണ്. പക്ഷെ...

നീ അറിയാതെ, കാണാതെ പോയ തിരുവാതിരയോട് എന്തു പറയും... ?

Wednesday, July 9, 2008

വീണ്ടും കാത്തിരുപ്പ്...

മഴപൂവ് തേടുന്ന ചകിത കിനാക്കളില്‍

ചെമ്പകം പൂക്കുന്ന തീരത്തടുക്കുവാന്‍

ഇനി കടലെത്ര കടക്കണം .....

ഇനി പകലെത്ര കറുക്കണം .....


************************

ഇഷ്ടങ്ങളുടെ ....പച്ചപ്പിന്‍റെ... ഇലകൂടും വിട്ട് വീണ്ടും

ഊഷരതയുടെ ഉഷസിലേക്ക്...

Wednesday, March 19, 2008

സിസിലി , മറക്കുമോ നീയെന്‍റെ മൌനഗാനം...

2008 ഫെബ്രുവരി 14 വ്യാഴം

സിസിലി : ഹലോ

ബിജു : ഹലോ ..സിസിലി..

സിസിലി: ങാ .. പറ

ബിജു : എന്തുണ്ടെടി വിശേഷം ?

സിസിലി: ഓ എന്തുവാ...ഒന്നുമില്ല

ബിജു: നിനക്കു സുഖമാണോടീ?

സിസിലി: കുഴപ്പമില്ല

ബിജു: നിനക്കു സുഖമാണ് എന്നറീഞ്ഞാല്‍ മതി..

സിസിലി: അതെന്താ അങ്ങനെ ?

ബിജു: അല്ല, നിനക്കു നിന്റെ സന്തോഷം അല്ലെ കാര്യം .. മറ്റുള്ളവരുടെ കാര്യം നിനക്കു അറിയേണ്ടല്ലോ..

സിസിലി: ഞാന്‍..

ബിജു: എടീ നിനക്കു നാട്ടില്‍ പോയപ്പോള്‍ ഒരു വാക്കു പറയത്തില്ലാരുന്നോടീ..

സിസിലി: അതിനു ഞാന്‍..

ബിജു : എന്നാലും നിനക്കു എങ്ങനെ കഴിഞ്ഞെടീ ‍കെട്ടാന്‍..എല്ലാം കാര്യവും നിനക്കു അറിയത്തില്ലാരുന്നോ..

സിസിലി: അതിനു എന്റെ സമ്മതം ആരു ചോദിച്ചു?


ബിജു : പിന്നെ നിന്റെ സമ്മതമില്ലാതെ പിടിച്ച് നിര്‍ത്തി കെട്ടുവായിരുന്നോ..


സിസിലി: അങ്ങനെ അല്ല... അവരു എല്ലാം തീരുമാനിച്ചിട്ട് , ഞാന്‍ ചെന്നതിന്റെ നാലാം ദിവസം കല്യാണം ആയിരുന്നു..

ബിജു : എന്നാലും നിനക്കു ബോംബെന്ന് പോകും മുംന്‍പെ എന്നെ ഒന്നു വിളിക്കത്തില്ലാരുന്നോ .. ഒരു മിസ്കാള്‍..കൂട്ടുകാരുടെ ആരുടെയെങ്കിലും മൊബൈലില്‍ നിന്നു...


സിസിലി: ഞാന്‍ പറയുന്നതു ഒന്നു കേള്‍ക്ക്..


ബിജു : ഞാന്‍ തിരിച്ചുവിളിച്ചേനം... അല്ലെങ്കില്‍ ചുമ്മാതെ മിസ്കാള്‍ അടിക്കുന്ന നീ പിന്നെ ഒന്നു വിളിക്കാതെ..


സിസിലി: അതല്ല ..ഞാന്‍ പറയട്ടെ... 17 നു എന്നെ ഹോസ്പിറ്റലില്‍ നിന്നു ഇച്ചായനും അമ്മാമയും കൂടി കൂട്ടി കൊണ്ട് പോകുവാരുന്നു...എനിക്കു ഒന്നും ചെയ്യാന്‍ പറ്റില്ലാരുന്നു...

ബിജു : അതു കള.. നീ പോകുന്നതിന്റെ നാലു ദിവസം മുന്‍പെ ജോലി രാജി വച്ച് റൂമില്‍ ഇരുന്ന കാര്യം ഞാന്‍ അറിഞ്ഞാരുന്നു....


സിസിലി: ആരു പറഞ്ഞു ഈ കള്ളം...

ബിജു : നീ ഒരു വാക്കു പറഞ്ഞിരുന്നേല് ഞാന്‍ ജോലിയും കളഞ്ഞേച്ച് ബോംബെ വഴി വന്നേനം...പിന്നെ നിങ്ങടെ വീടിന്റെ മുന്നില്‍ പന്തല്‍ ഇടുന്നതു കണ്ട് ജോസും അലക്സും വിളിച്ച് പറഞ്ഞു. അന്ന് അവന്മാര് പറഞ്ഞതാ... ഞാന്‍ ഒരു വാക്കു പറഞ്ഞാല്‍ മതി നിന്നെ വിളിച്ച് ഇറക്കി കൊണ്ട് വരാമെന്ന്... ഞാന്‍ പറഞ്ഞു , വേണ്ടാന്നു .. നീ ഒരു വാക്കു പറയാതെ...ഹലോ.. ഹലോ.. സിസിലീ..

സിസിലി: പറ കേള്‍ക്കുന്നുണ്ട്...

ബിജു : ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. എന്നാലും 7 വര്‍ഷം മനസ്സില്‍ കൊണ്ട് നടന്നിട്ട് നിനക്ക് എങ്ങനെ...


സിസിലി: എന്നോടു ആരും ഒന്നും ചോദിച്ചില്ല... എനിക്കു ഒന്നും ചെയ്യാന്‍ പറ്റില്ലാരുന്നു..അമ്മയും അപ്പനും കൂടി..


ബിജു : എന്നിട്ട് ഞാന്‍ ഓട്ടോ ഓടിച്ചു നടക്കുവാരുന്നെന്നോ കാശ് ചോദിച്ചെന്നോ കാണാന്‍ കൊള്ളത്തില്ലെന്നോ ഒക്കെ നിന്‍റെ അമ്മ പറഞ്ഞു നടക്കുവാണെന്ന് ഞാന്‍ അറിഞ്ഞു ..


സിസിലി: അതിനാണോ അമ്മയെ ഫോണില്‍ തെറി വിളിച്ചതു..

ബിജു : ഞാന്‍ വിളിച്ചില്ല.. എനിക്കു അതിന്‍റെ ആവിശ്യം ഇല്ല. ഞാന്‍ വിളിച്ചാല്‍ എന്‍റെ മൊബൈലില്‍ നിന്നു അല്ലെ വിളിക്കത്തൊള്ളു.. നമ്പര്‍ അവര്‍ക്കു അറിയാമല്ലോ. പിന്നെ എന്റെ സൌണ്ട് കേട്ടാലും നിന്‍റെ അമ്മക്കു അറിയാമ്മല്ലോ...


സിസിലി: വേറെ ആരേലും കൊണ്ട് വിളിപ്പിച്ചാലും മതിയെല്ലൊ...

ബിജു : ജോസും അലക്സും ഒന്നും വിളിച്ചിട്ടില്ലാ...ഞാന്‍ ചോദിച്ചു അവന്മാരോട്.. എന്നിട്ട് നിന്‍റെ അമ്മ കേസ് കൊടുക്കുമെന്നോ എന്‍റെ ഗള്‍ഫില്‍ പോക്ക് മുടക്കും എന്നൊക്കെ പറഞ്ഞതു ഞാന്‍ അറിഞ്ഞു.. 3 മാസത്തെ അവധിക്കു വന്ന ഞാന്‍ 40 ദിവസത്തില്‍ കേറി പോന്നത് അതല്ലെ.. എന്തായാലും നിന്‍റെ അമ്മയുടെ പ്രാര്‍ത്ഥന ഫലിച്ചു...

സിസിലി: അതു എന്താ..

ബിജു : വന്നു 2 ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്കു പ്രമോഷന്‍ ആയി... ഇപ്പോള്‍ എന്‍റെ 2 മാസത്തെ ശബളം ഉണ്ടേല്‍ നിന്‍റെ അപ്പന്‍ ഓടിച്ചോണ്ട് നടക്കുന്ന ആ പാട്ടവണ്ടിയുടെ പുതിയ മോഡല് ഒരെണ്ണം എന്‍റെ മുറ്റത്ത്
കിടക്കും...അതറിയാവോ നിനക്ക്... അമേരിക്കന്‍ കാശിന്‍റെ മുഴുപ്പ് കണ്ട് നിന്‍റെ അമ്മേടെ കണ്ണ് മഞ്ഞളിച്ചു..നിന്‍റെയും അല്ലെ... സിസിലീ‍ീ.. നീ കേള്‍ക്കുന്നുണ്ടോ..


സിസിലി: ങാ

ബിജു : എന്നേലും ഒരിക്കല്‍ നിന്‍റെ അമ്മ എല്ലാം അറിഞ്ഞ് വിഷമിക്കുന്നതു നീ ക്ണ്ടോ.. ഒരു ദിവസും 2 എണ്ണം അടിച്ചിട്ട് നിങ്ങളുടെ പടിക്കല്‍ വരെ വന്നതാ .. രണ്ട് പറയാന്‍.. അവന്മാര്‍ പിടിച്ച് വലിച്ചോണ്ട് പോന്നു..


സിസിലി: ഭയങ്കര വെള്ളം ആരുന്നെന്ന് കേട്ടു..

ബിജു : അത് ശരിയാ...വെള്ളം അടിക്കാത്ത ഒരു ദിവസും പോലും ഇല്ല. വെള്ളം അടീക്കാതെ എനിക്കു ഉറങ്ങാന്‍ പറ്റില്ലാരുന്നു. എന്‍റെ ജീവിതം നശിച്ചു.. എന്തൊക്കെ ചെയ്താലും എനിക്കു നിന്നെ മറക്കാന്‍ പറ്റില്ല. വേറെ ഒരു ജീവിതവും എനിക്കു വേണ്ട. നിനക്കു മറക്കാന്‍ പറ്റുമോടീ എന്നെ..

സിസിലി: എനിക്കും.. അതല്ലെ ഞാന്‍ രാവിലെ മിസ്കാള്‍ അടിച്ചെ..

ബിജു : എനിക്കു മനസ്സിലായി..ഇനി എത്ര നാള് കഴിഞ്ഞാലും എനിക്കു മറക്കാന്‍ പറ്റില്ല.

സിസിലി: പിന്നെ പെണ്ണുകാണാന്‍ പോയതോ...

ബിജു : അ..അത്.. പിന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ പോയതാ..പെണ്ണിനെ കണ്ട്പ്പോള്‍ എനിക്കു മനസ്സിലായി വീട്ടുകാര്‍ക്ക് ഇഷ്ടപെടില്ല എന്നു , അതു കൊണ്ട് ഞാന്‍ ഓകെ പറഞ്ഞു. നടക്കുകേലെന്നു എനിക്കറിയാരുന്നു..പെണ്ണ് നല്ലതാണെല്‍ എനിക്കു ഇഷ്ടപെട്ടില്ല എന്നു പറയും...അങ്ങനെ കുറെ രക്ഷപെട്ടു.. കപ്യാരുടെ മോള്‍ മേഴ്സിയെ വരെ എനിക്കു ആലോചിച്ചതാ.. ഞാന്‍ പറഞ്ഞു, വേണ്ടാന്നു.
എന്തായാലും എന്‍റെ ജീവിതത്തില്‍ ഇനി ഒരു പെണ്ണ് വരത്തില്ല. നിന്‍റെ ഒരു ഫോട്ടൊ ഇപ്പോഴും എന്‍റെ പേര്‍സില്‍ ഉണ്ട് .എനിക്കു അതു മതി. അതൊക്കെ പോട്ടെ .. നിന്‍റെ കെട്ട്യോന്‍ വിളിക്കാറുണ്ടോടീ...


സിസിലി: ഉണ്ട്.

ബിജു : നിനക്കു വിശേഷം വല്ലതുമായോ..

സിസിലി: ഇല്ല..

ബിജു : അതു എന്താടീ

സിസിലി: ഒരു വര്‍ഷം കഴിയെട്ടെ എന്നാ...

ബിജു : ങാ..പോട്ടെ. ഇനി അതൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. മുറിഞ്ഞതു തുന്നി ചേര്‍ക്കാന്‍ പറ്റില്ലെല്ലോ..നീ എന്നെ ഓര്‍ക്കുവോടി...

സിസിലി: ങും...

ബിജു : എപ്പോഴാടീ ഓര്‍ക്കുന്നെ..

സിസിലി: മഴ കാണുബോള്‍..

ബിജു : ഓകെയെടി... നിര്‍ത്തുവാ..മൊബൈലില്‍ കാശ് തീരാറായി..കാര്‍ഡ് ഇല്ല. പിന്നെ വിളിക്കാം. ബൈ

സിസിലി: ഓകെ. ബൈ..ബൈ
***************************

നാലാം റൌണ്ടില്‍ ഫോമിലായ ഒരു സുഹൃത്ത് മൊബൈലില്‍ റിക്കോര്‍ഡ് ചെയ്തത് (spycall നു നന്ദി) കണ്ണീരോടെ കേള്‍പ്പിച്ചത്. കരയണോ ചിരിക്കണോ എന്നറിയാതെ മനസ്സില്‍ ഏറ്റുവാങ്ങിയത്..

അവന്‍റെ അനുവാദമില്ലാതെ പോസ്റ്റ് ചെയ്യുന്നു..

സിസിലി മാത്രം പൊറുക്കട്ടെ..

കര്‍ത്താവേ... മിന്നിച്ചേക്കണേ...

Thursday, February 28, 2008

എങ്ങനെ വെറുക്കാന്‍ പഠിച്ചു...



എങ്ങനെ വെറുക്കാന്‍ പഠിച്ചു...
ധനുമാസരാവിനെ തറ്റുടുപ്പിച്ചൊരാ
തിരുവാതിരക്കാറ്റിനെ..
നാണിച്ചുറങ്ങുന്ന പുലരിയെ കുളിര്‍ നേദിച്ച്
ഉണര്‍ത്തിയൊരാ നീര്‍ച്ചാലിനെ..
പാലപൂ മണവുമായി കണ്‍നിറയെ
പെയ്തിറങ്ങിയൊരാ പൂനിലാവിനെ..
ആദ്യമഴയില്‍ നനഞ്ഞ മണ്ണിനെ
തഴുകിയുയരുന്നൊരാ പുതുഗന്ധത്തിനെ..

എങ്ങനെ വെറുക്കാന്‍ പഠിച്ചു...
കാച്ചെണ്ണ കിനിയുന്ന മുടിയിഴ പടരുന്ന
പുനെല്ല് മണക്കുന്നൊരാ കിതപ്പുകളെ.

എങ്ങനെ വെറുക്കാന്‍ പഠിച്ചു...
കരിഞ്ഞ കരള്‍ കൊത്തിപ്പറന്ന പൈങ്കിളിയെ..

എങ്ങനെ മറക്കാന്‍ പഠിച്ചു...
കിളി കരഞ്ഞു പറഞ്ഞ വ്യഥയെല്ലാം
മഴയാക്കി പെയ്യുന്ന ഓര്‍മ്മകളെ..




ദൈവമെ.. ഈ കളിയിലും എനിക്കു തോല്‍വി മാത്രം മതി...


Wednesday, February 13, 2008

അവന്‍ വരുന്നു.... നക്സലൈറ്റ്.


വിപണി ഗണിതത്തിന്‍റെ പുതുകുതിപ്പുകള്‍ക്ക് മീതെ
വായ്പാട്ടില്‍ ഉയരുന്ന പൊന്‍യശസ്സിനു മീതെ
അവന്‍ വരുന്നു...

ആര്‍ക്കോ വേണ്ടി കിതച്ചു പ്രാരാബ്ധം
തേവുന്ന അച്ഛനെ അറിയാതെ...
അരവയര്‍ അന്നത്തിനായി അയലിടങ്ങളില്‍
ഇരക്കുന്ന അമ്മയെ കാണാതെ..
അന്തിക്കിറങ്ങുവാന്‍ പകല് മുഴുവന്‍
ഉറങ്ങുന്ന പെങ്ങളെ ഉണര്‍ത്താതെ...
അകലെ തെരുവുകള്‍ തോറും പണി തേടി
അലയുന്ന അനിയനെ തിരയാതെ...

മൃതി തിളങ്ങുന്ന ദൃഷ്ടിയും
കൊടുംങ്കാറ്റ് പിടയുന്ന മനസുമായി
ചോര പൂക്കുന്ന വറുതി കളങ്ങളില്‍
‍വേച്ചു വേച്ചണയുന്ന ഇവനെ കൂടി ഏറ്റുവാങ്ങുക...



1970 കളില്‍ ഇന്ത്യയുടെ മൊത്തം ആസ്തിയുടെ 30% 600 കുടുംബങ്ങളില്‍ ആയിരുന്നെങ്കില്‍ ഇന്നു 60% വെറും 30 കുടുംബങ്ങളില്‍ ആയി . നേരത്തെ കൂറഞ്ഞ വേതനം 2000 രൂപയും കൂടിയതു 20000 ആയിരുന്നെങ്കില്‍ ഇന്നു കൂറഞ്ഞ വേതനം അതേ 2000 രൂ‍പ തന്നെ .. പക്ഷെ കൂടിയതു 2 ലക്ഷത്തിനു മുകളില്‍ ആയി. 9% സാമ്പത്തിക വളര്‍ച്ചയോടെ ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുയരുന്നു. എവിടെയൊ ഒരമ്മ സ്വന്തം കുഞ്ഞിനെ 150 രൂപക്കു വില്‍ക്കുന്നു.

നക്സലൈറ്റുകള്‍ ഉണ്ടാവുന്നത്......

Monday, January 14, 2008

മരുഭൂമിയിലെ സ്ത്രീ.

5 വര്‍ഷങ്ങള്‍ക്കു മുന്‍പാണു സംഭവം. ഞങ്ങളുടെ കമ്പനിക്കു കിട്ടിയ ഒരു പുതിയ പ്രൊജക്ട് ദമ്മാമില്‍ നിന്നു കുറച്ചു അകലെ “നാരിയ” എന്ന സ്ഥലത്തായിരുന്നു. അവിടെ നിന്നു 20km അകലെ മരുഭൂമിയില്‍ ആയിരുന്നു പുതിയ പ്ലാന്റ്. അതിന്‍റെ ലേബര്‍ ക്യാംബിന്‍റെ പുതിയ ബില്‍ഡിംഗിന്‍റെ പ്ലാന്‍ തയ്യാറാക്കന്‍ വേണ്ടി അളവെടുക്കാന്‍ ഞാനും എന്‍റെ ഒരു സുഹ്രുത്തും കൂടി പുറപ്പെട്ടു.
കടുത്ത ചൂടില്‍ 4x4 പിക്കപ്പില്‍ ആയിരുന്നു യാത്ര. ഞാന്‍ ആദ്ദ്യമായിട്ടാണു മരുഭൂമിയീലേക്കു യാത്ര ചെയ്യുന്നത്. സുഹ്രുത്തിനു വഴി അറിയാമായിരുന്നു. അവനാണു ഡ്രൈവു ചെയ്തിരുന്നതും. കുറെ ദൂരം ചെന്നപ്പോള്‍ വഴി മോശമാകാന്‍ തുടങ്ങി. പോരാഞ്ഞിട്ടു പൊടിക്കാറ്റും. റോഡ് ഏതാണു എന്നു തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. എവിടെയും മണല്‍ മാത്രം. കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോള്‍ വഴി കാണാന്‍ പറ്റാതായി. പെട്ടന്നു പിക്കപ്പിന്‍റെ ടയര്‍ മണലില്‍ പുതഞ്ഞു. വീണ്ടും ശ്രമിക്കും തോറും കൂടുതല്‍ പുതഞ്ഞു. അവസാനം ഞങ്ങള്‍ പുറത്തിറങ്ങി തള്ളാന്‍ തുടങ്ങി. ഒരു രക്ഷയുമില്ല. ചെറിയ കട്ടയും കല്ലും ഒക്കെ ഇട്ട് വീണ്ടും ശ്രമിച്ചു. അപ്പോഴും ടയര്‍ കൂടുതല്‍ പുതഞ്ഞെതെ ഉള്ളു. അപ്പോഴേക്കും 2 ടയര്‍ മുക്കാലും 2 ടയര്‍ ഭാഗീകമായും മണലില്‍ താണിരുന്നു. ചുറ്റും കണ്ണെത്താ ദൂരത്തോളം മരുഭൂമി മാത്രം. അരെങ്കിലും ആ വഴി വരുന്നോ എന്നു നോക്കി ഞങ്ങള്‍ ഇരുന്നു. ( അന്നു സൌദിയില്‍ മൊബൈല്‍ തുടങ്ങിയിട്ടില്ല)
നാലു മണിക്കൂറോളം കഴിഞ്ഞിട്ടും ആരെയും കണ്ടില്ല. ഇടയ്ക്കിടെ ചീറിയടിക്കുന്ന പൊടിക്കാറ്റ്. കരുതിയിരുന്ന വെള്ളവും തീര്‍ന്നു. എന്തു ചെയ്യണം എന്നു അറിയാതെ ഞങ്ങള്‍ വലഞ്ഞു. ഞാന്‍ ഒരു കരച്ചിലിന്‍റെ വക്കത്തായി. വിയര്‍ത്തു കുളിച്ചു തൊണ്ട വരണ്ട് മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍.


പെട്ടെന്നു ദൂരെ മരുഭൂമിയില്‍ കൂടി ഏതോ ഒരു വാഹനം പോകുന്ന പോലെ തോന്നി. ഞങ്ങള്‍ പിക്കപ്പിന്‍റെ മുകളില്‍ കയറി നോക്കി. ശരിയാണു. ഞങ്ങള്‍ കൈ വീശി കാണിച്ചു ഉച്ചത്തില്‍ വിളിച്ചു. കുറെ നേരം വീളിച്ചു കഴിഞ്ഞപ്പോള്‍ കണ്ടു എന്നു തോന്നുന്നു , ആ വാഹനം ഞങ്ങളുടെ നേരെ വരാന്‍ തുടങ്ങി. അതും ഒരു പിക്കപ്പ് അയിരുന്നു. അതു കുറച്ച് അകലെ നിര്‍ത്തി കറുത്ത “തോബ്” ധരിച്ച ഒരാള്‍ ഇറങ്ങി. തലയില്‍ കെട്ടും ഒക്കെ കണ്ടപ്പോള്‍ ഏതോ “ബദു” അയിരിക്കും എന്നു കരുതി. അടുത്ത് വന്നപ്പോളാണു മനസ്സിലായതു , അതു ഒരു സ്ത്രീ അയിരുന്നു.(സൌദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദം ഇല്ല.). പര്‍ദ്ദ ധരിക്കാത്ത സുന്ദരിയായ ഒരു സ്ത്രീ. ഞങ്ങളെയും പിക്കപ്പിനെയും മാറി മാറി നോക്കിയിട്ടു അവര്‍ പറഞ്ഞു “കുല്ലു ഹിന്ദി മുക്കു മാഫി” ( എല്ലാ ഇന്ത്യക്കാരും വിവരമില്ലാത്തവരാണു) . എന്നിട്ടു പിക്കപ്പിന്‍റെ ചുറ്റും ഒന്നു നോക്കിയിട്ട് അവര്‍ നാലു ടയറിന്‍റെയും കാറ്റ് കുറച്ച് അഴിച്ച് വിട്ടു. എന്നിട്ട് അവര്‍ ഡ്രൈവിങ് സീറ്റില്‍ കയറി ഇരുന്നു വണ്ടി എടുത്തു. സുഖമായിട്ടു പിക്കപ്പ് കയറി പോന്നു.

അത്ഭുതത്തോടെ ഞങ്ങള്‍ നില്‍ക്കെ, തിരിച്ച് പോകേണ്ട വഴിയും കാണിച്ച് തന്നിട്ട് ഒരു പ്രത്യേകതരം ചിരിയോടെ അവര്‍ പീക്കപ്പ് ഓടിച്ചു പോയി. സത്യമോ മിഥ്യയോ എന്നറിയാന്‍ വയ്യാതെ ജീവിതത്തിലേക്കു തിരിച്ചു വന്നതിന്‍റെ ആശ്വാസത്തില്‍ ഞങ്ങളും തിരിച്ചു പോന്നു.